2022 ട്വന്റി20 ലോകകപ്പിലെ പരാജയത്തിനുശേഷം ഇന്ത്യയുടെ സമീപന രീതിയെപ്പറ്റി ഒരുപാട് ചർച്ചകൾ ഉയർന്നിരുന്നു. ബാറ്റിംഗിൽ ഇന്ത്യ തുടരുന്ന തണുപ്പൻ സമീപനങ്ങൾ അവസാനിപ്പിക്കുകയും, ആക്രമണോൽസുകതയോടെ കളിക്കുകയും ചെയ്യുന്നതാണ് ഇന്ത്യക്ക് ഉത്തമമെന്ന് പലരും വിധിയെഴുതി. ഇംഗ്ലണ്ട് ടീം പിന്തുടരുന്ന ബാസ്സ്ബോൾ തന്ത്രമാവും ഇന്ത്യയ്ക്ക് കൂടുതൽ പ്രയോജനം ചെയ്യുക. പക്ഷേ ഇതിനായി ഇന്ത്യ കളിക്കാരെ ഭയപ്പാടില്ലാതെ കളിക്കാൻ പരിശീലിപ്പിക്കേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
“ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രം ഉപയോഗിക്കാൻ പറയാൻ എല്ലാവർക്കും എളുപ്പമാണ്. എന്നാൽ നമുക്ക് അതുപോലെ ആക്രമണപരമായി കളിക്കുന്ന ക്രിക്കറ്റർമാരുണ്ടോ എന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. നമുക്ക് അത്തരം കളിക്കാരില്ലെങ്കിൽ എങ്ങനെ നമ്മുടെ കളിക്കാരെ അത്തരം മനോഭാവത്തിലേക്ക് കൊണ്ടുവരാം എന്ന് ചിന്തിക്കണം. അല്ലാത്തപക്ഷം അത്തരം റോളുകൾക്ക് ചേരുന്ന പുതിയ കളിക്കാരെ കണ്ടെത്തേണ്ടതുണ്ട്.”- സാബാ കരീം പറയുന്നു.
ഒപ്പം ഇത്തരം ആക്രമണോത്സുകരീതി പിന്തുടരാൻ കളിക്കാർക്കാവശ്യം സ്വാതന്ത്ര്യമാണെന്നും കരിം പറയുന്നു. “നമ്മൾ ഒരു ആക്രമണപരമായ സമീപനത്തിനാണ് ശ്രമിക്കുന്നതെങ്കിൽ, നമ്മൾ നമ്മുടെ കളിക്കാർക്ക് പൂർണ്ണമായും സ്വാതന്ത്ര്യം നൽകേണ്ടതുണ്ട്. അതനുസരിച്ച് ഇന്ത്യ തങ്ങളുടെ കളിക്കാരെ കണ്ടെത്തുകയും അവർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യണം.”- കരീം കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിനങ്ങളിൽ കളിപ്പിക്കാതിരിക്കുന്നതിനെയും കരീം വിമർശിക്കുകയുണ്ടായി. നിലവിലെ ടീമിൽ ആക്രമണോൽസുക മനോഭാവമുള്ള ഒരു ക്രിക്കറ്ററാണ് സൂര്യകുമാർ എന്നും, യാദവിന് ഇന്ത്യ ഇടവേളകൾ നൽകാൻ പാടില്ലായിരുന്നുവെന്നും സാബാ കരീം സൂചിപ്പിക്കുന്നു.