ന്യൂസിലാൻഡിനെതിരായ രണ്ടാം മത്സരത്തിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ 25 പന്തുകളിൽ 34 റൺസ് നേടിയ സൂര്യകുമാർ യാദവ് പുറത്താവാതെ നിന്നു. മഴമൂലം മത്സരം ഉപേക്ഷിച്ചെങ്കിലും സൂര്യകുമാറിന് ആശംസകളറിയിച്ച് ഒരുപാട് മുൻ ക്രിക്കറ്റർമാർ രംഗത്ത് വരികയുണ്ടായി. സൂര്യകുമാറിനെ പോലെയുള്ള ഒരു പത്ത് ക്രിക്കറ്റർമാരെയാണ് ഇന്ത്യൻ ടീമിനാവശ്യം എന്നാണ് ഇന്ത്യൻ താരം ഋഷികേശ് കനിത്കർ പറയുന്നത്.
“സൂര്യകുമാറിനെ പോലെ ഒരു പത്തു ബാറ്റർമാരെയാണ് നമുക്ക് ഇന്ത്യൻ ടീമിൽ ആവശ്യം. എന്നാൽ അയാളെ പോലെ മറ്റാരെയും കണ്ടുകിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അത്രമാത്രം മികച്ച ബാറ്ററാണ് സൂര്യകുമാർ. ചുരുക്കം ചില ബാറ്റർമാർക്ക് മാത്രം സാധിക്കുന്ന പ്രകടനങ്ങളാണ് സൂര്യകുമാർ ഇപ്പോൾ കാഴ്ചവയ്ക്കുന്നത്. ലോകത്താകമാനമുള്ള മറ്റു ബാറ്റർമാർക്ക് സൂര്യകുമാർ ഒരു പ്രചോദനമാണ്. അയാളുടെ വ്യത്യസ്തമായ ബാറ്റിംഗ് രീതി പലരെയും അത്ഭുതപ്പെടുത്തുന്നു.”- കനിത്കർ പറയുന്നു.
“ഇക്കാര്യങ്ങളൊക്കെയും അയാൾ ചെറുപ്പം മുതലുള്ള പരിശീലനത്തിലൂടെ നേടിയെടുത്തതാണ്. ചെറുപ്പത്തിൽ ടെന്നിസ് ബോൾ ക്രിക്കറ്റ് കളിച്ച ശീലിച്ചതിനുള്ള പ്രതിഫലമാണ് സൂര്യകുമാറിന് ഇപ്പോൾ ലഭിക്കുന്നത്. അയാൾ തന്നെ ഇത്തരം ഷോട്ടുകൾ കണ്ടെത്തി. ഇപ്പോൾ അയാളുടേതായ രീതിയിൽ ഉപയോഗിക്കുന്നു”- കനിത്കർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യക്കായി ഈ വർഷം ട്വന്റി20യിൽ 1000 റൺസിലധികം സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. 46 റൺസ് ശരാശരിയിലാണ് സൂര്യകുമാർ ഈ വർഷം കളിച്ചത്. മാത്രമല്ല ന്യൂസിലാൻഡിനെതിരെ 2 ട്വന്റി20കളിൽ നിന്ന് 124 റൺസും സൂര്യകുമാർ യാദവ് നേടുകയുണ്ടായി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷകൾ തന്നെയാണ് സൂര്യയുടെ ഈ ഇന്നിംഗ്സുകൾ നൽകുന്നത്.