ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വമ്പൻ പ്രതീക്ഷകൾ നൽകി ഒരു ഓസ്ട്രേലിയൻ വിജയം. ചാമ്പ്യൻഷിപ്പ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പരാജയപ്പെടുത്തി. ഇതോടെ ദക്ഷിണാഫ്രിക്ക ചാമ്പ്യൻഷിപ്പ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗ്ലാദേശിനെതിരെ വിജയം കുറിച്ച ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് 5 മത്സരങ്ങൾ അവശേഷിക്കുന്ന ഇന്ത്യയ്ക്ക് പരമാവധി വിജയങ്ങൾ നേടിയാൽ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താം.
ഇനി ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അവശേഷിക്കുന്നത് 5 മത്സരങ്ങളാണ്. അതിൽ ആദ്യത്തേത് ബംഗ്ലാദേശിനെതിരെ ഈ മാസം 22ന് നടക്കും. ശേഷം ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണുള്ളത്. നിലവിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായിട്ടുണ്ട്. വരുന്ന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും വമ്പൻ വിജയങ്ങൾ നേടാത്ത പക്ഷം ഓസ്ട്രേലിയയ്ക്കൊപ്പം ഇന്ത്യക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാം.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ബോളർമാരുടെ ഒരു സ്വർഗ്ഗം തന്നെയായിരുന്നു ഗബ്ബാ പിച്ചിൽ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ 152 റൺസിൽ ഒതുക്കി. മറുപടി ബാറ്റിംഗിൽ 92 റൺസ് നേടിയ ഹെഡിന്റെ ബലത്തിൽ ഓസ്ട്രേലിയ 218 റൺസ് നേടുകയുണ്ടായി.
എന്നാൽ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മീൻസിന്റെ കിടിലൻ ബോളിങ്ങിന് മുൻപിൽ ദക്ഷിണാഫ്രിക്ക തകർന്നുവീണു. കേവലം 99 റൺസ് മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്സിൽ നേടാൻ സാധിച്ചുള്ളൂ. കമ്മിൻസ് ഇന്നിങ്സിൽ 5 വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയം കണ്ടത്.