ഇന്ത്യൻ ടീമിലെ ചില സെലക്ഷനുകൾക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. കളിക്കാരുടെ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനവും അവരുടെ റോളും മനസ്സിലാക്കാതെയാണ് ഇന്ത്യ ടീം നിശ്ചയിക്കുന്നത് എന്ന് മുൻപും ചില ക്രിക്കറ്റർമാർ പറഞ്ഞു പോയിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മുൻപിലേക്ക് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ്. ഐപിഎല്ലിന്റെ അടിസ്ഥാനത്തിൽ കളിക്കാരെ തിരഞ്ഞെടുത്ത ശേഷം അവർക്ക് വ്യത്യസ്തമായ ഒരു റോൾ നൽകി ഇന്ത്യ ഭാവി നശിപ്പിക്കുന്നു എന്ന് ചോപ്ര പറയുന്നു.
“കളിക്കാരെ പലപ്പോഴും ടീമിലേക്ക് തിരഞ്ഞെടുക്കുന്നത് ഐപിഎല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്. ശേഷം ഇന്ത്യൻ ടീമിൽ അവർക്ക് മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായ റോൾ നൽകുന്നു. ശേഷം ഐപിഎല്ലിൽ പരാജയപ്പെടുമ്പോൾ അവരെ ഒഴിവാക്കുന്നു. വെങ്കിടേശ് അയ്യരുടെ കഥ ഇതിന് ഉദാഹരണമാണ്. അയ്യർ കൊൽക്കത്ത ടീമിന്റെ ഓപ്പണറായിരുന്നു. എന്നാൽ ഇന്ത്യ ഫിനിഷറായി ടീമിൽ ഇറക്കി. ശേഷം ടീമിൽ നിന്ന് പുറത്താക്കി”- ചോപ്ര പറയുന്നു.
ഇതോടൊപ്പം ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരെ പരമ്പരയിൽ പൃഥ്വി ഷായെ ഉൾപ്പെടുത്താത്തതിനെയും ആകാശ് ചോപ്ര വിമർശിക്കുകയുണ്ടായി. “ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വന്റി20 സ്ക്വാഡ് പരിശോധിക്കുമ്പോൾ അത്ഭുതപ്പെടുത്തുന്ന കാര്യം പൃഥ്വി ഷാ ഇല്ല എന്നുള്ളതാണ്. പവർപ്ലെയിൽ നമ്മുടെ സമീപന രീതി മാറ്റണമെങ്കിൽ പൃഥ്വി ഷായെ പോലെയുള്ള ക്രിക്കറ്റർ ടീമിലെത്തണം.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇതിനുമുമ്പ് പല ക്രിക്കറ്റർമാരും ഇന്ത്യയുടെ ടീം സെലക്ഷനെതിരെ രംഗത്ത് വന്നിരുന്നു. പരാജയപ്പെട്ടിട്ടും റിഷഭ് പന്തിനെ വീണ്ടും കളിപ്പിക്കുന്നതിനും, ചാഹലിന് ലോകകപ്പിൽ ഒരു മത്സരം പോലും നൽകാതിരുന്നതിനുമടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു.