ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിനേറ്റ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു സ്റ്റാർ ഓൾറൗണ്ടർ ജഡേജയുടെ പരിക്ക്. ഇപ്പോഴും പരിക്കിൽ നിന്ന് മുക്തനാകാത്ത ജഡേജയെ ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽതന്നെ ടീമിന്റെ ബാലൻസ് കണ്ടെത്തുന്നതിൽ ഇന്ത്യ പ്രയാസപ്പെടുകയാണ്. ലോകകപ്പിൽ ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ജഡേജയുടെ അഭാവം തന്നെയാകുമന്നാണ് മുൻ ക്രിക്കറ്റർ മഹേള ജയവർധന ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ജഡേജയുടേത് ഒരു വലിയ നഷ്ടം തന്നെയാണ് എന്ന് മഹേള അഭിപ്രായപ്പെടുന്നു. “ഇന്ത്യയെ സംബന്ധിച്ച് ജഡേജയുടെ അഭാവം ഒരു വലിയ ചലഞ്ചണ്. ഇന്ത്യൻ നിരയിലെ അഞ്ചാം നമ്പരിൽ എന്തുകൊണ്ടും യോജിച്ച കളിക്കാരനായിരുന്നു രവീന്ദ്ര ജഡേജ. നന്നായി ബാറ്റ് ചെയ്യാൻ ജഡേജയ്ക്ക് സാധിക്കുമായിരുന്നു. അഞ്ചും ആറും നമ്പറുകളിൽ ജഡേജയും ഹർദിക് പാണ്ഡ്യയും ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിന്റെ ബാലൻസ് വർധിച്ചിരുന്നു. ഒപ്പം ടീമിന് കൂടുതൽ സുതാര്യതയും ലഭിച്ചിരുന്നു.”- ജയവർധന പറയുന്നു.
“ജഡേജയുടെ അഭാവം ഇന്ത്യയെ പലതരത്തിൽ ബാധിക്കും. പ്രത്യേകിച്ച് അയാളൊരു ഇടങ്കയ്യൻ ബാറ്ററായതിനാൽ ജഡേജ ഇല്ലാത്ത അവസരത്തിൽ ഇന്ത്യയ്ക്ക് ദിനേശ് കാർത്തിക്കിനെ പുറത്തിരുത്തി റിഷഭ് പന്തിനെ കളിപ്പിക്കേണ്ടിയുംവരും. ഇക്കാര്യങ്ങളാണ് ഇന്ത്യയെ ലോകകപ്പിൽ ഏറ്റവും ബാധിക്കാൻ പോകുന്നതും. എന്തായാലും മികച്ച ഫോമിൽ കളിക്കുന്ന ജഡേജയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.” മഹേള കൂട്ടിച്ചേർക്കുന്നു.
നിലവിൽ ഇന്ത്യൻ ടീമിൽ പകരംവയ്ക്കാനാവാത്ത ഒരു ക്രിക്കറ്റർ തന്നെയാണ് ജഡേജ. ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല ഫീൽഡിലും ജഡേജ ഇന്ത്യയുടെ നട്ടെല്ല് തന്നെയായിരുന്നു. ഈ നഷ്ടം ഇന്ത്യ എങ്ങനെ സാദൂകരിക്കുമെന്നത് ലോകകപ്പിലെ വലിയൊരു ചോദ്യം തന്നെയാണ്.