ട്വന്റി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് തിരിച്ച ഇന്ത്യൻ സ്ക്വാഡിന്റെ സെലക്ഷനെ സംബന്ധിച്ച് പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജു സാംസനെയും ഇഷാൻ കിഷനെയും സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നതായിരുന്നു വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. എന്നാൽ ഇതൊക്കെയും മാറ്റിനിർത്തി വളരെ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് ഇന്ത്യയുടെ മുൻ കോച്ചും മുൻ താരവുമായ രവിശാസ്ത്രി പ്രകടിപ്പിച്ചിരിക്കുന്നത്. താൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പുള്ള ഇന്ത്യൻ ടീമാണ് ലോകകപ്പിലെത് എന്ന അഭിപ്രായമാണ് രവി ശാസ്ത്രിയ്ക്കുള്ളത്.
“കഴിഞ്ഞ ഏഴ് വർഷങ്ങളിൽ ഞാൻ ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു. ഇപ്പോൾ മത്സരം പുറത്തുനിന്ന് കാണുകയാണ്. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ ബാറ്റിംഗ് ലൈനപ്പാണ് ലോകകപ്പിനായി പോയിരിക്കുന്നത്. സ്ക്വാഡിലേക്ക് നോക്കിയാൽ യുവത്വത്തിന്റെയും പരിചയസമ്പന്നതയുടെയും ഒരു സമ്മിശ്രണം നമുക്ക് കാണാൻ സാധിക്കും.”- രവി ശാസ്ത്രി പറയുന്നു.
“ഇന്ത്യയെ സംബന്ധിച്ച് ട്വന്റി20 ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും മികച്ച ബാറ്റിംഗ് ലൈനപ്പാണിത്. പ്രത്യേകിച്ച് അഞ്ചാം നമ്പറിൽ ഹാർദ്ദിക്കും, ആറാം നമ്പരിൽ കാർത്തിക്കൊ പന്തോ ഇറങ്ങുന്നതാണ്. ഇതിന് ഇന്ത്യൻ ടീമിൽ വലിയൊരു വ്യത്യസ്തത കൊണ്ടുവരാൻ സാധിക്കും.” രവിശാസ്ത്രി കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ മുൻനിരയിലും മധ്യനിരയിലുമുള്ള സംതൃപ്തിയാണ് രവിശാസ്ത്രിയുടെ ഈ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.
“കഴിഞ്ഞ 5-6 വർഷമായി ഇന്ത്യ നേരിട്ട പ്രധാന പ്രശ്നം 4,5,6 നമ്പർ ബാറ്റിംഗിലായിരുന്നു. ഇപ്പോൾ നാലാം നമ്പറിൽ സൂര്യകുമാറും അഞ്ചാം നമ്പറിൽ ഹർദിക് പാണ്ട്യയുമുണ്ട്. ആറാം നമ്പരിൽ പന്തോ കാർത്തിക്കൊ ഇറങ്ങും. ഇത്തരം ഒരു ലൈനപ്പ് മുൻനിരയ്ക്ക് സ്വതന്ത്രമായി കളിക്കാൻ കൂടുതൽ അവസരങ്ങൾ നൽകുന്നു. പവർപ്ലെയിൽ രണ്ടുവിക്കറ്റുകൾ നഷ്ടമായാലും നമുക്ക് അടിച്ചുതകർക്കാൻ ഈ ശക്തമായ ബാറ്റിംഗ് നിരയാൽ സാധിക്കും.”- രവി ശാസ്ത്രി പറഞ്ഞുവയ്ക്കുന്നു.