ഇന്ത്യയുടെ നെതർലൻസിനെതിരായ മത്സരത്തിൽ രോഹിത്തും വിരാട് കോഹ്ലിയും സൂര്യകുമാർ യാദവുമടങ്ങുന്ന ഇന്ത്യൻ മുൻനിര മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്. മത്സരത്തിൽ രോഹിത്തും കോഹ്ലിയും കൃത്യമായ പ്ലാറ്റ്ഫോം സൃഷ്ടിച്ചപ്പോൾ സൂര്യകുമാർ അവസാന ഓവറുകളിൽ താണ്ഡവമാടി. കഴിഞ്ഞ 1-2 വർഷങ്ങളിൽ ഇന്ത്യൻ ടീമിന് ഇല്ലാതിരുന്നത് സൂര്യകുമാർ യാദവിനെപോലെ ഒരു കളിക്കാരനെയാണ് എന്നാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവ് പറഞ്ഞിരിക്കുന്നത്.
“സൂര്യകുമാർ യാദവ് തനിക്ക് ലഭിക്കുന്ന അവസരങ്ങൾ മികച്ച രീതിയിൽ തന്നെ വിനിയോഗിക്കുന്നുണ്ട്. നല്ല സ്കോറിങ് റേറ്റിൽ റൺസ് കണ്ടെത്തുന്നത് അയാളെ കൂടുതൽ മികച്ചതാക്കുന്നു. എന്നിരുന്നാലും ഇന്ത്യയെ സംബന്ധിച്ച് രോഹിത് കുറച്ചുകൂടി താളം കണ്ടെത്തേണ്ടതുണ്ട്. രാഹുലും കുറച്ച് റൺസ് നേടണം. വിരാട് കോഹ്ലി ഇന്നിങ്സിൽ ആങ്കറുടെ റോൾ കളിക്കണം. അവസാനം സൂര്യയും എത്തണം. കഴിഞ്ഞ 1-2 വർഷങ്ങളിൽ ഇന്ത്യൻ ടീം കണ്ടെത്താൻ ബുദ്ധിമുട്ടിയത് സൂര്യകുമാർ യാദവിനെ പോലൊരു കളിക്കാരനെയാണ്. നാലാം നമ്പറിൽ കളിക്കാൻ നമുക്ക് കളിക്കാർ ഉണ്ടായിരുന്നു. പക്ഷേ സൂര്യയെപ്പോലെ ഒരാൾ ഉണ്ടായിരുന്നില്ല.”- കപിൽദേവ് പറയുന്നു.
മത്സരത്തിലെ ഇന്ത്യയുടെ ബോളിംഗ് പ്രകടനത്തെ സംബന്ധിച്ചും കപിൽ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. “ബോളിങ്ങിൽ നമ്മൾ അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിംഗിൽ അവസാന 10 ഓവറുകളിൽ 100 റൺസിലധികം നേടുകയുണ്ടായി. ഓസ്ട്രേലിയയിലെ മൈതാനങ്ങൾ വലുതാണ്. അതിനാൽ തന്നെ സ്പിന്നർമാർക്ക് ചില സമയങ്ങളിൽ മുൻതൂക്കം ലഭിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ബോളിങ്ങിൽ ഇപ്പോഴും ഇന്ത്യക്ക് പ്രശ്നങ്ങളുണ്ട്.”-കപിൽദേവ് കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ഇന്ത്യയ്ക്കായി രോഹിത് ശർമയും വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരുന്നത്. മൂന്നുപേരും ഇന്ത്യക്കായി അർത്ഥസെഞ്ച്വറികൾ നേടി. ഞായറാഴ്ച ദക്ഷിണാഫ്രിക്കെതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ അടുത്ത മത്സരം.