2022 ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്ക്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാർക്ക് പകരക്കാരനെ അന്വേഷിച്ച് ഇന്ത്യ വലഞ്ഞു. എന്നാൽ അന്ന് ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയ ക്രിക്കറ്ററായിരുന്നു അക്ഷർ പട്ടേൽ. തനിക്ക് ലഭിച്ച അവസരങ്ങൾ അക്ഷർ പട്ടേൽ വളരെ മികച്ച രീതിയിൽ തന്നെ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ 31 പന്തുകളിൽ 65 റൺസ് നേടിയ അക്ഷർ തന്റെ കഴിവ് വീണ്ടും തെളിയിച്ചു. ഇതിനെപ്പറ്റി മുൻ ഇന്ത്യൻ തരം വസീം ജാഫർ സംസാരിക്കുകയുണ്ടായി.
“ഇപ്പോൾ ഇന്ത്യ ജഡേജയെ മിസ്സ് ചെയ്യുന്നില്ല. ജഡേജ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മികവാർന്ന ക്രിക്കറ്റർ ആയിരുന്നു. എന്നാൽ അക്ഷറിനെ നമ്മൾ കണ്ടെത്തിയതിനുശേഷം ജഡേജയെ പറ്റിയുള്ള സംസാരങ്ങൾ ഉണ്ടാവുന്നില്ല. അത് സൂചിപ്പിക്കുന്നത് അക്ഷർ പട്ടേൽ എത്ര മികച്ച ക്രിക്കറ്ററാണ് എന്ന് തന്നെയാണ്. അയാൾ നന്നായി കളിക്കുന്നു.”- ജാഫർ പറഞ്ഞു.
ഇതോടൊപ്പം നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിൻ ഓൾറൗണ്ടറും അക്ഷർ പട്ടേൽ ആണെന്ന് വസീം ജാഫർ പറയുന്നു. “നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിൻ ഓൾറൗണ്ടർ അക്ഷർ പട്ടലാണ്. ജഡേജയ്ക്ക് പകരക്കാരനായി ഇത്ര മികച്ച ഒരു ഓൾറൗണ്ടറെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യം തന്നെയാണ്. എല്ലാ ഫോർമാറ്റിലും തനിക്ക് ലഭിച്ച അവസരങ്ങൾ അക്ഷർ നന്നായി വിനിയോഗിച്ചു. അയാൾക്ക് പവർപ്ലെയിൽ പന്തെറിയാൻ സാധിക്കും, അത് ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല ഇത്തരത്തിൽ നല്ല ബാറ്റിഗ് പ്രകടനവും കാഴ്ചവയ്ക്കുന്നു.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിൽ മൂന്ന് ബൗണ്ടറികളും 6 സിക്സറുകളുമായിരുന്നു അക്ഷർ പട്ടേൽ നേടിയത്. സൂര്യകുമാർ യാദവുമൊത്ത് മത്സരത്തിന്റെ ആറാം വിക്കറ്റിൽ 91 റൺസ് അക്ഷർ കൂട്ടിച്ചേർക്കുകയുണ്ടായി. ഈ നിർണായ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിലായിരുന്നു ഇന്ത്യൻ മത്സരത്തിൽ വിജയത്തിനടുത്ത് എത്തിയത്.