ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടാൽ ഇന്ത്യക്കത് സഹിക്കാൻ പറ്റില്ല!! ആകാശ് ചോപ്ര പറയുന്നു!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര 1-0 ന് വിജയിച്ച ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ബംഗ്ലാദേശ് പരമ്പരയും നിർണായകം തന്നെയാണ്. അതിനാൽതന്നെ ബംഗ്ലാദേശ് ടീമിനെ ഇന്ത്യ വിലകുറച്ച് കാണരുത് എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇന്ത്യ ഒരു കാരണവശാലും പരാജയപ്പെടരുത് എന്നാണ് ആകാശ് ചോപ്രയുടെ പക്ഷം.

   

“ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരങ്ങൾ വളരെയേറെ നിർണായകം തന്നെയാണ്. കാരണം തുല്യരുടെ മത്സരം തന്നെയാവും പരമ്പരയിൽ നടക്കുന്നത്. ഇരു ടീമുകളും തങ്ങളുടെ മികച്ച ഫോമിലല്ല ഉള്ളത്. എന്നാൽ നമ്പറുകൾ പരിശോധിക്കുമ്പോൾ ഒരു വലിയ വ്യത്യാസം നമുക്ക് കാണാൻ സാധിക്കും. എന്തായാലും ബംഗ്ലാദേശിനെതിരെ പരാജയമറിഞ്ഞാൽ ഇന്ത്യയ്ക്ക് താങ്ങാൻ സാധിക്കില്ല. അതുറപ്പാണ്”- ആകാശ് ചോപ്ര പറയുന്നു.

   

ബംഗ്ലാദേശും ഇപ്പോൾ മോശം പ്രകടനങ്ങളാണ് തുടരുന്നതെങ്കിലും ഒരു കാരണവശാലും അവരെ എഴുതിത്തള്ളാൻ സാധിക്കില്ല എന്നാണ് ചോപ്ര പറയുന്നത്. “അവർ ഇപ്പോൾ നടത്തുന്ന പ്രകടനങ്ങൾ വെച്ച് നോക്കിയാൽ അത്ര മോശം പ്രകടനങ്ങൾ കാഴ്ചവയ്ക്കേണ്ട ടീമല്ല ബംഗ്ലാദേശ്. തമീം ഇക്ബാലാണ് ബംഗ്ലാദേശിന്റെ നായകൻ. അയാൾ നന്നായി ബാറ്റ് ചെയ്യും. ഷാന്റോയും നന്നായി കളിക്കും. അതിൽ സംശയമില്ല. എന്റെ പ്രിയ കളിക്കാരൻ ലിറ്റൻ ദാസ് ആണ്. അയാൾ ക്രീസിലുറച്ചാൽ ഒരു സെഞ്ച്വറിയെങ്കിലും നേടും. അയാൾ ഒരു മികച്ച കളിക്കാരനാണ്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

നാളെ മിർപ്പൂറിലാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം നടക്കുന്നത്. രണ്ടാം ഏകദിനം ഡിസംബർ ഏഴിന് മിർപൂരിൽ തന്നെ നടക്കും. അവസാന ഏകദിനം ഡിസംബർ 10ന് ചാറ്റൊഗ്രാമിലാണ് നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *