ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ പ്രധാന സ്പിന്നറാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ. ടൂർണമെന്റിൽ തുടക്കം കുറിച്ച അന്നുമുതൽ മികച്ച റെക്കോർഡാണ് റാഷിദ് ഖാന് ഐപിഎല്ലിൽ ഉള്ളത്. ഒപ്പം ഹർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടീമിനെ 2022ൽ ജേതാക്കളാക്കുന്നതിലും റാഷിദ് ഒരു പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ മുഴുവൻ സമയ നായകനായി ഹർദിക്ക് പാണ്ട്യയെ നിയമിക്കുന്നതിൽ തന്റെ പിന്തുണ അറിയിച്ചിരിക്കുകയാണ് റാഷിദ് ഖാൻ ഇപ്പോൾ. എന്തുകൊണ്ടും ടീമിനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന നായകനാണ് ഹർദിക്ക് എന്നാണ് റാഷിദ് ഖാൻ പറയുന്നത്.
രോഹിത് ശർമയിൽ നിന്ന് ട്വന്റി20 നായകസ്ഥാനം ധൈര്യമായി നൽകാവുന്ന ക്രിക്കറ്ററാണ് ഹർദിക്ക് പാണ്ഡ്യ എന്നാണ് റാഷിദ് സൂചിപ്പിക്കുന്നത്. “പാണ്ട്യ ഒരു മികവുറ്റ ക്രിക്കറ്ററാണ്. അയാൾ എന്തുകൊണ്ടും ദേശീയ ടീമിന്റെ നായകനാവാൻ അർഹനുമാണ്. ഞാൻ പാണ്ട്യയുടെ കീഴിൽ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. പാണ്ട്യയെ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ സ്ഥിരം നായകനായി നിയമിച്ചാൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും.
കളിക്കാരെ നിയന്ത്രിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. പക്ഷേ പാണ്ട്യയ്ക്ക് അത് അനായാസം സാധിക്കും. ഐപിഎല്ലിൽ അദ്ദേഹം ആ റോൾ വളരെ മികച്ച രീതിയിൽ ചെയ്തിട്ടുമുണ്ട്.”- റാഷിദ് ഖാൻ പറയുന്നു. “ഹർദ്ദിക്കിന് ആ അവസരം ലഭിച്ചാൽ ഞാൻ ഒരുപാട് സന്തോഷവാനായിയിരിക്കും. ഞാൻ എല്ലാവിധ ആശംസകളും അദ്ദേഹത്തിന് നേരുന്നു. മാത്രമല്ല അടുത്ത വർഷവും ഗുജറാത്ത് ടൈറ്റൻസ് ടീമിലെ അംഗമാണ് ഞാൻ. പാണ്ഡ്യയുടെ കീഴിൽ അടുത്തവർഷം ടീമിനായി കളിക്കാനായി ഞാൻ കാത്തിരിക്കുകയാണ്.”-റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.
2022ലെ ഐപിഎല്ലിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു റാഷിദ് ഖാൻ ഗുജറാത്ത് ടീമിനായി കാഴ്ചവച്ചത്. സീസണിൽ ഗുജറാത്തിനായി 19 വിക്കറ്റുകൾ റാഷിദ് നേടുകയുണ്ടായി. ഗുജറാത്തിന്റെ സീസണിലെ വിജയത്തിൽ ഒരു പ്രധാന ഘടകം തന്നെയായിരുന്നു റാഷിദ് ഖാൻ.