ഇന്ത്യയുടെ സൂപ്പർ 12ലെ നാലാം മത്സരം നാളെ ബംഗ്ലാദേശിനെതിരെയാണ് നടക്കുന്നത്. സൂപ്പർ 12ലെ ആദ്യ മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ അവസാന മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അതിനാൽതന്നെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിജയം നേടിയാലെ ഇന്ത്യക്ക് സെമിഫൈനൽ സാധ്യതകൾ നിലനിർത്താനാവൂ. മത്സരത്തിനു മുമ്പ് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
“ഇന്ത്യ ലോകകപ്പിലെ ജേതാക്കളാവാൻ സാധ്യതയുള്ള ടീമാണ്. അവർ ഇവിടെ വന്നത് ലോകകപ്പ് ജയിക്കാനാണ്. എന്നാൽ ഞങ്ങൾ വന്നത് ലോകകപ്പ് നേടാനല്ല. ഞങ്ങൾക്ക് ഇന്ത്യയോട് വിജയിക്കാൻ സാധിച്ചാൽ അത് വലിയൊരു അട്ടിമറി തന്നെയായിരിക്കും. അത്തരമൊരു അട്ടിമറിക്കാണ് ഞങ്ങൾ പരിശ്രമിക്കുന്നതും.”- ഷക്കീബ് അൽ ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ പ്രസ്താവനകളിൽ ‘ഞങ്ങൾ ഇവിടെ വന്നത് ലോകകപ്പ് ജയിക്കാനല്ല’ എന്ന ഷാക്കിബിന്റെ വാക്കുകൾക്ക് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഒരുപാട് വിമർശനങ്ങൾ വന്നിട്ടുണ്ട്. ഒരു നായകനിൽ നിന്ന് വരേണ്ട വാക്കുകളല്ല ഷക്കീബിൽ നിന്ന് വന്നത് എന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. ‘ലോകകപ്പ് നേടാനല്ലാതെ നാഗിൻ ഡാൻസ് കളിക്കാനാണോ നിങ്ങൾ വന്നത്’ എന്നാണ് ഒരു ട്വിറ്റർ ഉപഭോക്താവ് ഷാക്കിബിന്റെ വാക്കുകൾക്കെതിരെ പ്രതികരിച്ചത്. ഒരു ദേശീയ ടീമിന്റെ നായകൻ ഇങ്ങനെ സംസാരിക്കുന്നത് അത്ഭുതമാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
എന്തായാലും ഷാക്കിബിന്റെ പ്രസ്താവന ഇതിനോടകം തന്നെ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇത് ഷാക്കിബിനെ ബാധിക്കാൻ സാധ്യതയുണ്ട്. മുൻപും മൈതാനത്തടക്കം മോശം പെരുമാറ്റങ്ങൾ കൊണ്ട് ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച ക്രിക്കറ്ററാണ് ഷാക്കിബ്. നാളെ ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരം നടക്കുന്നത്.