ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇരു ടെസ്റ്റുകളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യ 2-0ന് ട്രോഫി സ്വന്തമാക്കുകയാണ് ഉണ്ടായത്. പരമ്പരയിൽ പല മുൻനിര ബാറ്റർമാരും പതറിയപ്പോൾ ചേതേശ്വർ പൂജാരയും ശ്രേയസ് അയ്യരും രവിചന്ദ്രൻ അശ്വിനുമൊക്കെ ഇന്ത്യയുടെ കരുത്തായി മാറുകയായിരുന്നു. പരമ്പരയിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ പൂജാരയായിരുന്നു പ്ലെയർ ഓഫ് ദി സീരീസ്. എന്നാൽ പൂജാരയെക്കാൾ ഈ അംഗീകാരം അർഹിക്കുന്നത് ശ്രേയസ് അയ്യരാണ് എന്ന വാദവുമായി ഒരു വിഭാഗം ആരാധകർ രംഗത്ത് വരികയുണ്ടായി.
ഇന്ത്യക്കായി പലപ്പോഴും നിർണ്ണായക ഘട്ടങ്ങളിൽ പൊരുതിയത് ശ്രേയസ് അയ്യരാണെന്നും അയാളാണ് മാൻ ഓഫ് ദി സീരീസ് അർഹിക്കുന്നതെന്നും ആരാധകർ പറയുന്നു. സത്യത്തിൽ ഇരു ബാറ്റർമാരും പരമ്പരയിലൂടനീളം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പൂജാര രണ്ട് ടെസ്റ്റുകളിലുമായി 202 റൺസ് ഇന്ത്യക്കായി നേടി. പരമ്പരയിലെ ടോപ്പ് സ്കോററായിരുന്നു പൂജാര. 2 ടെസ്റ്റുകളിൽ നിന്നുമായി 202 റൺസാണ് അയ്യർ നേടിയത്. രണ്ടാം മത്സരത്തിൽ നിർണായകമായ ഇന്നിംഗ്സായിരുന്നു അയ്യർ കളിച്ചത്.
അതിനാൽതന്നെ ശ്രേയസ് അയ്യരാണ് ഈ പുരസ്കാരത്തിന് അർഹനെന്ന് ആരാധകർ വാദിക്കുന്നു. ശ്രേയസിന്റെ 3 ഇന്നിങ്സുകളും പിറന്നത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലായിരുന്നു എന്നാണ് ട്വീറ്റുകൾ പറയുന്നത്. ഇതോടൊപ്പം രവിചന്ദ്രൻ അശ്വിനും പ്ലെയർ ഓഫ് ദി സീരീസാകാൻ അർഹനായിരുന്നു എന്ന് ചിലർ പറയുന്നു.
എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമായ പരമ്പര വിജയം തന്നെയാണ് ഇത്. ഏകദിന പരമ്പരയിൽ ഞെട്ടിക്കുന്ന പരാജയം നേരിട്ടതോടെ ഇന്ത്യക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു പരിധിവരെ വിമർശനങ്ങൾ അടക്കി നിർത്താൻ ഈ വിജയം സഹായിച്ചേക്കും. ഓസ്ട്രേലിയക്കെതിരെ ഫെബ്രുവരിയിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.