ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യയെ വെല്ലുവിളിക്കുന്ന ഒരു പ്രശ്നമാണ് കെ.എൽ രാഹുലിന്റെ ഫോം. വലിയൊരു പരിക്കിൽ നിന്ന് തിരിച്ചെത്തിയ ശേഷം രാഹുൽ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യക്കായി കാഴ്ചവച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിലും കഴിഞ്ഞ ദ്വിരാഷ്ട്രപരമ്പരകളിലും നമ്മൾ ഇത് കാണുകയുണ്ടായി. ശേഷം ഇന്ത്യൻ സെലക്ഷൻ കമ്മറ്റി രാഹുലിനെ ട്വന്റി 20 ഉപനായക സ്ഥാനത്തുനിന്നും മാറ്റി. രാഹുലിന്റെ ടീമിലെ സാഹചര്യത്തെപ്പറ്റി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ സംസാരിക്കുകയുണ്ടായി.
“നമ്മൾ നന്നായി കളിച്ചില്ലെങ്കിൽ മറ്റൊരാൾ നമ്മുടെ സ്ഥാനത്തെത്തും. രാഹുലിന്റെ കാര്യത്തിൽ മാത്രമല്ല കോഹ്ലിയുടെയും രോഹിത്തിന്റെയും കാര്യത്തിലും ഇത് സംഭവിക്കും. ഇവർ നന്നായി കളിച്ചില്ലെങ്കിൽ ടീമിലെ ഇവരുടെ സ്ഥാനത്തെ നമ്മൾ ചോദ്യം ചെയ്തു തുടങ്ങും. അത് അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വാഭാവികമാണ്. ഒന്നും സ്ഥിരമല്ല. അതിനാൽതന്നെ രാഹുലിന് മൂന്ന് ഏകദിനങ്ങൾ മുമ്പിലുണ്ട്. അയാൾ മധ്യനിരയിൽ ബാറ്റ് ചെയ്ത് റൺസ് കണ്ടെത്തണം.
മികച്ച പ്രകടനങ്ങൾ മാത്രമാണ് ടീമിൽ തുടരാനുള്ള മാനദണ്ഡം. നിങ്ങളുടെ പേരിനോ കഴിവിനോ ടീമിൽ നിലനിർത്താൻ സാധിക്കില്ല.”- ഗംഭീർ പറയുന്നു. “നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. ഒരിക്കലും സെലക്ടർമാരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. അടുത്ത പരമ്പരയിൽ എന്ത് സംഭവിക്കും എന്നത് നിയന്ത്രിക്കാൻ പറ്റില്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ രാഹുൽ സ്വയം പ്രകടനങ്ങൾ കണ്ടെത്തണം. അതുമാത്രമാണ് നമ്മുടെ കയ്യിലുള്ളത്.”- ഗൗതം കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലടക്കം രാഹുൽ മോശം പ്രകടനങ്ങൾ തന്നെയായിരുന്നു കാഴ്ചവച്ചത്. കേവലം 44 റൺസ് മാത്രമായിരുന്നു ഏകദിനങ്ങളിലെ രാഹുലിന്റെ ബാറ്റിംഗ് ശരാശരി.