ആ 5 റൺസ് ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ജയിച്ചേനെ!! മത്സരത്തിൽ അംപയർക്ക് പറ്റിയ മറ്റൊരു അബദ്ധം!!

   

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അഞ്ചു റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഒരുപാട് നാടകീയ സംഭവങ്ങൾ അരങ്ങേറിയ മത്സരത്തിൽ കുറച്ചധികം വിവാദങ്ങളുമുണ്ടായി. ഇതിന്റെ ഭാഗമായി അമ്പയർമാർക്കെതിരെ വലിയ രീതിയിലുള്ള പ്രതികരണവും ബംഗ്ലാദേശ് അറിയിച്ചിരുന്നു. എന്നാൽ ബംഗ്ലാദേശിന് പ്രതികൂലമായി ഉണ്ടായ മറ്റൊരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മത്സരത്തിനിടെ വിരാട് കോഹ്ലി ഫേക്ക് ഫീൽഡിങ് നടത്തിയതാണ് ഇപ്പോൾ ബംഗ്ലാദേശ് താരങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നത്. പെനാൽറ്റിയായി അഞ്ച് റൺസ് അനുവദിക്കേണ്ട സാഹചര്യത്തിൽ അമ്പയർമാർ അതിനും തയ്യാറായിരുന്നില്ല.

   

മത്സരത്തിൽ ബംഗ്ലാദേശിന്റെ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് സംഭവം അരങ്ങേറിയത്. അക്ഷർ പട്ടേലായിരുന്നു ആ സമയത്ത് ബോൾ ചെയ്തത്. അക്ഷർ പട്ടേലിന്റെ ബോൾ ബംഗ്ലാദേശ് ബാറ്റർ ലിറ്റൻ ദാസ് ഓഫ് സൈഡിലേക്ക് കളിച്ചു. ശേഷം റണ്ണേടുക്കാൻ ഓടി. ബൗണ്ടറിൽ നിന്ന് ഓടിയെത്തിയ അർഷദ്ദീപ് ബോൾ സ്ട്രൈക്കർ എണ്ടിലേക്ക് ത്രോ ചെയ്തു. ഈ സമയം തന്നെ പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന കോഹ്ലി ബോൾ നോൺ സ്ട്രൈക്കർ എൻഡിലേക്ക് എറിയുന്നതായി വ്യാജമായി കാണിച്ചു.

   

ആ സമയത്ത് ഓൺഫീൽഡ് അമ്പയർമാർ ഇക്കാര്യം ശ്രദ്ധിക്കുകയോ, വേണ്ട ആക്ഷനെടുക്കുകയോ ചെയ്തിരുന്നില്ല. എന്തിന് ബംഗ്ലാദേശ് ബാറ്റർമാർ പോലും ഇക്കാര്യം ശ്രദ്ധിച്ചില്ല. എന്നാൽ പിന്നീട് ബംഗ്ലാദേശ് താരം നൂറുൽ ഹുസൈനാണ് ഈ ആരോപണം ഉന്നയിച്ചത്. ” ആ ഫേക്ക് ത്രോ ആരും ശ്രദ്ധിച്ചിരുന്നില്ല. അല്ലാത്തപക്ഷം പെനാൽറ്റിയായി ഞങ്ങൾക്ക് അഞ്ച് റൺസ് ലഭിക്കുമായിരുന്നു. നിർഭാഗ്യവശാൽ അതും ഞങ്ങൾക്ക് ലഭിച്ചില്ല. “- നൂറുൽ ഹുസൈൻ പറഞ്ഞു.

   

ക്രിക്കറ്റ് നിയമം 41.5 പ്രകാരം മത്സരത്തിനിടെ ബാറ്റർമാരെ മറ്റു ലക്ഷ്യത്തോടെ തെറ്റിദ്ധരിപ്പിക്കാനും തടസ്സമുണ്ടാക്കാനും ശ്രമിച്ചാൽ കുറ്റകരമാണ്. അങ്ങനെ വരുന്ന സാഹചര്യത്തിൽ ആ ബോൾ ഡെഡ് ബോളായി തീരുമാനിക്കാനും 5 റൺസ് പെനാൽറ്റിയായി നൽകാനും അംപയർക്ക് സാധിക്കും. എന്നിരുന്നാലും കൃത്യമായി മൈതാനത്ത് ആരും തന്നെ ഇക്കാര്യം ശ്രദ്ധിക്കാതെ പോയതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *