മറ്റാരുമില്ലെങ്കിലും ഇവരുണ്ടാവും 2023 ലോകകപ്പിന് യുവതാരങ്ങളെപറ്റി ജാഫർ പറയുന്നു

   

അടുത്തതായി വരാനിരിക്കുന്ന വലിയ ടൂർണ്ണമെന്റ് 2022ലെ ട്വന്റി20 ലോകകപ്പാണ്. ശേഷമാണ് 2023ൽ 50 ഓവർ ലോകകപ്പ് നടക്കാൻ പോകുന്നത്. അതിനാൽതന്നെ പല ടീമുകളും 50 ഓവർ ലോകകപ്പിലേക്കും പതിയെ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരിക്കുന്നു. ഇക്കാരണത്താൽ ഇന്ത്യയുടെ നിലവിലെ ഏകദിന പരമ്പര കളിക്കുന്ന താരങ്ങളെ സംബന്ധിച്ച്, ഇത് വലിയ അവസരം തന്നെയാണ്. സഞ്ജുവിനും ധവാനും ശ്രേയസ് അയ്യർക്കുമോക്കെ 2023ലെ ലോകകപ്പ് സ്ക്വാഡിൽ സ്ഥാനം കണ്ടെത്താൻ ദക്ഷിണാഫ്രിക്കൻ പരമ്പര സഹായിക്കും എന്നത് ഉറപ്പാണ്.

   

ഇങ്ങനെ നിലവിലെ ഏകദിനങ്ങളിൽ ഇത്തരം കളിക്കാർ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് മറ്റ് ഇന്ത്യൻ താരങ്ങൾക്ക് ഭീഷണിയാകും എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്. ശ്രേയസ് അയ്യർക്കും ഇഷാൻ കിഷാനുമൊക്കെ ഈ അവസരം നന്നായി ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ടെന്നും വസീം ജാഫർ പറയുന്നു. “കിട്ടിയ അവസരങ്ങൾ ഈ കളിക്കാർ നന്നായി തന്നെ ഉപയോഗിക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പിന് ശേഷം എല്ലാവരുടെയും ശ്രദ്ധ 2023ലെ 50 ഓവർ ലോകകപ്പിലേക്ക് തിരിയും.

   

ഇത് ഇന്ത്യയിലാണ് നടക്കുന്നതും. അതിനാൽതന്നെ അയ്യരെ പോലെയുള്ള കളിക്കാരുടെ പ്രകടനം ശ്രദ്ധിക്കപ്പെടും. കഴിഞ്ഞ ആറ് ഏകദിന ഇന്നിങ്സുകളിൽ 4 അർദ്ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും അയ്യർ നേടിയിട്ടുണ്ട്.”- ജാഫർ പറയുന്നു. “നമുക്ക് അയ്യരെ 2023 ലോകകപ്പിൽ ബാറ്റിംഗ് ലൈനപ്പിൽ കാണാൻ സാധിക്കും. എവിടെയെങ്കിലും അയ്യർ കയറിപ്പറ്റും. ഇഷാൻ കിഷനും ഉണ്ടാവും. എന്തായാലും ഈ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾ, നമ്മുടെ വലിയ കളിക്കാർക്ക് മുമ്പിലേക്ക് ഒരു വമ്പൻ മത്സരം തന്നെയാണ് വയ്ക്കുന്നത്.”- ജാഫർ കൂട്ടിചേർക്കുന്നു.

   

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് ശ്രേയസ് അയ്യർ കാഴ്ചവെച്ചത്. ഒപ്പം സഞ്ജു സാംസനും തനിക്ക് ലഭിച്ച അവസരങ്ങൾ നന്നായി തന്നെ ഉപയോഗിക്കുന്നുണ്ട്. എന്തായാലും ഈ പ്രകടനങ്ങളൊക്കെയും സെലക്ടർമാരുടെ കണ്ണുതുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *