ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഓർഡർ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ഏഷ്യാകപ്പിലൂടെ ഇല്ലാതാവുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഏഷ്യാകപ്പിൽ പല ബാറ്റർമാരും മാറിയും മറിഞ്ഞും പ്രകടനങ്ങൾ നടത്തിയതിനാൽ ഇപ്പോഴും ബാറ്റിംഗ് ഓർഡർ സംബന്ധിച്ചുള്ള കൃത്യത പുറത്തുവന്നിട്ടില്ല. ഏഷ്യാകപ്പിലെ ആദ്യമത്സരങ്ങളിൽ കെ എൽ രാഹുലും രോഹിത് ശർമയുമായിരുന്നു ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്നത്. എന്നാൽ അവസാന മത്സരത്തിൽ കോഹ്ലി ഇന്നിങ്സ് ഓപ്പൺ ചെയ്യുകയും ഒരു തകർപ്പൻ സെഞ്ചുറി നേടുകയും ചെയ്തു.
അതിനുശേഷം വിരാട് കോഹ്ലി ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമക്കൊപ്പം ഓപ്പൺ ചെയ്യണമെന്ന അഭിപ്രായങ്ങൾ വന്നിരുന്നു. ഇതിനെ അനുകൂലിച്ച് പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ റീത്തിന്ദർ സോദി. “വിരാട് കോഹ്ലി ക്രീസിലുറച്ചാൽ സ്ട്രൈക്ക് റേറ്റ് എന്നത് വലിയ പ്രശ്നമല്ല. അതിനാൽ തന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതാണ് കോഹ്‌ലിക്ക് അഭികാമ്യം. മാത്രമല്ല നല്ല ബോളുകളിൽ അനായാസം ബൗണ്ടറി നേടാനും കോഹ്‌ലിക്ക് കഴിവുണ്ട്.
ഒരു ഓപ്പണർക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിലവാരമുള്ള ബോളുകളെ ബൗണ്ടറി കടത്താനുള്ള കഴിവ് അതിനാൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം കൂടി വിലയിരുത്തി ഇന്ത്യൻ സെലക്ടർമാരും ടീം മാനേജ്മെന്റും കോഹ്ലിയെ രോഹിത്തിനൊപ്പം ഓപ്പണിങ്ങിറക്കാൻ തയ്യാറായെക്കും.”- സോദി പറയുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പല അഭിപ്രായങ്ങളാണ് പല ക്രിക്കറ്റർമാർക്കും ഉള്ളത്. മുൻപ് സാബാ കരീം പറഞ്ഞത് കോഹ്‌ലിക്ക് ഉത്തമം മൂന്നാം നമ്പർ തന്നെയാണെന്നാണ്.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ നേരിടേണ്ടിവരുന്നത് നിലവാരമുള്ള ബോളർമാരെയാണെന്നും അതിനാൽ ഇന്നിംഗ്സ് ആങ്കർ ചെയ്യാൻ കോഹ്ലി മൂന്നാമനായി ഇറങ്ങണമെന്നുമായിരുന്നു സാബാ കരീം പറഞ്ഞത്. ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനേതിരായ മത്സരത്തിൽ കോഹ്ലിയുടെ ഫുൾ സ്വാഗയിരുന്നു കണ്ടത്. ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ലഭിച്ച അവസരം കോഹ്‌ലി എല്ലാത്തരത്തിലും വിനിയോഗിക്കുകയായിരുന്നു. മത്സരത്തിൽ തന്റെ ആദ്യ ട്വന്റി 20 സെഞ്ച്വറിയും കോഹ്ലി നേടിയിരുന്നു.