ധോണിയായിരുന്നെങ്കിൽ ആ ത്രോ എറിയില്ലായിരുന്നു റിഷഭ് പന്തിന് തെറ്റുപറ്റിയോ

   

ശ്രീലങ്കയ്ക്കെതിരെ വളരെയധികം ഹൃദയഭേദകമായ പരാജയമാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. സൂപ്പർ 4 മത്സരത്തിൽ ആറു വിക്കറ്റുകൾക്കായിരുന്നു ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ബോളിംഗ് നിരയുടെ പരിചയസമ്പന്നതകുറവ് വ്യക്തമായിരുന്നു. മത്സരത്തിലെ അവസാന ഓവറിൽ ഏഴ് റൺസായിരുന്നു ശ്രീലങ്കയ്ക്ക് വേണ്ടിയിരുന്നത്. അർഷദീപ് വളരെ മികച്ച യോർക്കറുകൾ തന്നെയാണ് ആ ഓവറിൽ എറിഞ്ഞത്.

   

അങ്ങനെ മത്സരം 2 ബോളിൽ രണ്ടു റൺസ് എന്ന അനുപാതത്തിൽ എത്തുകയുണ്ടായി. അടുത്തതായി മികച്ച ഒരു ബോൾ എറിഞ്ഞ് അർഷദീപ് പ്രതീക്ഷ നൽകി. എന്നാൽ ആ ബോൾ ബാറ്ററെ മറികടന്ന് റിഷഭ് പന്തിന്റെ കൈകളിലെത്തി. റണ്ണിനായി ഷാനക ഓടാൻ ശ്രമിച്ചതോടെ റിഷാഭ് ബോൾ സ്റ്റമ്പിലേക്ക് ത്രോ ചെയ്തു. എന്നാൽ അത് സ്റ്റമ്പിൽ കൊണ്ടില്ല. ശേഷം അർഷാദീപ് എറിഞ്ഞ ത്രോയും സ്റ്റമ്പിൽ കൊള്ളാതെ വന്നതോടെ ശ്രീലങ്കൻ ബാറ്റർമാർ രണ്ടു റൺസ് ഓടിയെടുക്കുകയായിരുന്നു. ഇതോടെ ശ്രീലങ്ക സൂപ്പർ നാലിലെ രണ്ടു മത്സരങ്ങളിലും വിജയിച്ചു.

   

ഇത് 2016ലെ ട്വന്റി20 ലോകകപ്പിൽ നടന്ന ഒരു സംഭവവുമായി കൂട്ടി വായിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. അന്ന് ബംഗ്ലാദേശിനെതിരെയായിരുന്നു ഇന്ത്യയുടെ മത്സരം. അവസാന ബോളിൽ രണ്ടു റൺസായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഇതേപോലെതന്നെ ബോൾ ബാറ്റർക്ക് അടിച്ചകറ്റാൻ പറ്റാതെ വന്നതോടെ ബംഗ്ലാദേശ് ബാറ്റർമാർ റണ്ണിനായി ഓടാൻ തുടങ്ങി.

   

അന്ന് കീപ്പർ ധോണി ആ ബോൾ ത്രോ ചെയ്യുന്നതിന് പകരം നല്ല വേഗതയിൽ ഓടിവന്ന് സ്റ്റമ്പിൽ മുട്ടിക്കുകയാണ് ചെയ്തത്. മത്സരത്തിൽ ഇന്ത്യ 1 റണ്ണിന് വിജയിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരെ റിഷഭ് പന്തും ഇത്തരം തന്ത്രമായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത് എന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ധോണി എന്ന കീപ്പറെ മിസ്സ് ചെയ്യുന്നു എന്ന രീതിയിലുള്ള ട്വീറ്റുകളും എത്തിയിട്ടുണ്ട്. എന്തായാലും ഇന്ത്യയുടെ പരാജയത്തിന് ഈ ത്രോ ഒരു കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *