ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ എക്കാലവും ഓർത്തു വയ്ക്കാവുന്ന ഒന്നാണ് 2011ലെ ലോകകപ്പ് വിജയം. പാക്കിസ്ഥാനെയും ഓസ്ട്രേലിയയും ശ്രീലങ്കയെയും അടിച്ചുതൂക്കി ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നമായിരുന്നു സാക്ഷാത്കരിക്കപ്പെട്ടത്. 2011 ലോകകപ്പിൽ ഏറ്റവും മാധുര്യമേറിയത് സെമിഫൈനലിൽ ബദ്ധശത്രുക്കളായ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയമായിരുന്നു. ആ മത്സരത്തിൽ തങ്ങൾക്കേറ്റ പരാജയം, തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ട് എന്നാണ് മുൻ പാക്കിസ്ഥാൻ ബോളർ ശുഐബ് അക്തർ പറയുന്നത്.
താൻ ആ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിൽ ഇന്ത്യ ഫൈനൽ കാണില്ലായിരുന്നു എന്നും അക്തർ പറയുന്നു. “2011 ലോകകപ്പിൽ മൊഹാലിയിൽ നടന്ന സെമിഫൈനൽ എന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. എനിക്കറിയാമായിരുന്നു ഇന്ത്യ അന്ന് വലിയ സമ്മർദ്ദത്തിലാണെന്ന്. 1.3 ബില്യൺ ആളുകളും മാധ്യമങ്ങളും അവർക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക് യാതൊരുതരം സമ്മർദ്ദവും ഉണ്ടായിരുന്നില്ല. എനിക്ക് ആ മത്സരത്തെപ്പറ്റി ആലോചിക്കുമ്പോൾ വിഷമമാണ്.
കാരണം ഞാൻ ആ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിൽ സച്ചിനെയും സേവാഗിനെയും പുറത്താക്കിയേനെ. ഇന്ത്യയുടെ ഈ രണ്ടു ടോപ് ഓർഡർ കളിക്കാരെ എറിഞ്ഞിട്ടാൽ അവർ തകരുമെന്ന് എനിക്കറിയാമായിരുന്നു.”- അക്തർ പറയുന്നു. “പാക്കിസ്ഥാൻ പരാജയപ്പെടുന്നതും കണ്ട് ആറുമണിക്കൂർ എങ്ങനെ ഡ്രസിങ് റൂമിൽ ചെലവിട്ടു എന്ന് എനിക്ക് മാത്രമേ അറിയൂ. ഞാൻ അങ്ങനെ പൊട്ടിതകർന്ന് കരയുന്ന ആളല്ല. എന്നാൽ അന്ന് അങ്ങനെ സംഭവിച്ചു. ഡ്രസ്സിംഗ് റൂമിലെ പലതും ഞാൻ എറിഞ്ഞുടച്ചു. എന്റെ രാജ്യത്തെപ്പോലെ ഞാനും നിരാശയിലും ദേഷ്യത്തിലും ആയിരുന്നു.”- അക്തർ കൂട്ടിച്ചേർക്കുന്നു.
2011 ലോകകപ്പിന്റെ സെമിയിൽ പാക്കിസ്ഥാൻ അക്തറിനെ കളിപ്പിച്ചിരുന്നില്ല. അയാൾ പൂർണമായും ഫിറ്റല്ലാതിരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ ഒഴിവാക്കുകയായിരുന്നു. ശേഷം അത് തന്നോട് കാണിച്ച അനീതിയാണെന്നും അക്തർ പറയുകയുണ്ടായി.