ക്രിക്കറ്റിൽ ഇന്ത്യാ-പാകിസ്ഥാൻ ടീമുകൾ സജീവമായതുമുതൽ കേൾക്കുന്നതാണ് ഇരുടീമുകളും തമ്മിലുള്ള ബദ്ധശത്രുത്വം. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ ശത്രുത വളർത്തിയത്. എന്നാൽ ഇരുടീമിലെയും കളിക്കാർ തമ്മിലുള്ള സൗഹൃദങ്ങൾ പലതവണയായി സാമൂഹ്യമാധ്യമങ്ങൾ കീഴടക്കുന്നുണ്ട്. അങ്ങനെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കളിക്കാർ പരസ്പരം കണ്ടുമുട്ടിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ PCB പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യൻ ടീം കളിക്കാരായ വിരാട് കോഹ്ലിയും റിഷബ്‍ പന്തും കെഎൽ രാഹുലും യുസ്‌വേന്ദ്ര ചാഹലും, പരിക്കുമൂലം പാകിസ്ഥാൻ സ്‌ക്വാഡിൽ നിന്ന് വിട്ടുനിൽക്കുന്ന ഷാഹിൻ അഫ്രിദിയെ കണ്ടുമുട്ടിയതാണ് വീഡിയോയുടെ ഉള്ളടക്കം. കോഹ്ലിയുടെയും ബാബർ ആസമിന്റെയും സംഭാഷണങ്ങൾ വൈറലായതിനുശേഷമാണ് പിസിബി ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ചഹലും അഫ്രിദിയും പരസ്പരം ആലിംഗനം ചെയ്യുന്നതും കോഹ്ലിയും അഫ്രീദിയും സംസാരിക്കുന്നതുമാണ് വീഡിയോയിലെ പ്രധാന ഭാഗങ്ങൾ.
ഇവർക്കൊപ്പം തന്റെതായ രീതിയിൽ അഫ്രീദിയുടെ വിശേഷങ്ങൾ അന്വേഷിക്കുന്ന റിഷാഭ് പന്തിനെയും വീഡിയോയിൽ കാണാം. പരിക്കേറ്റ കാലിൽ സുരക്ഷാ സഹായികൾ ഉള്ളതിനാൽ നടക്കാൻ പ്രയാസമുണ്ടെന്ന് അഫ്രീദി പന്തിനോട് വീഡിയോയിൽ പറയുന്നു. മറുപടിയായി തമാശരൂപേണ പന്ത് പറയുന്നത് ഇങ്ങനെയാണ് “ഫാസ്റ്റ് ബൗളറായാൽ കൂടുതൽ എഫർട്ട് ഏറ്റെടുക്കേണ്ടിവരും. അത് അത്യാവശ്യമാണ്”.
പാകിസ്ഥാൻ കോച്ച് മുഹമ്മദ് യൂസഫും സഖ്ലൈൻ മുഷ്താക്കും ഇന്ത്യയുടെ മുൻ സ്പിന്നർ സുനിൽ ജോഷിയുമായി സംസാരിക്കുന്ന ഭാഗവും വീഡിയോയിലുണ്ട്. എന്തായാലും ഇന്ത്യ-പാക് താരങ്ങൾക്കിടയിലുള്ള സൗഹൃദമാണ് ഈ വീഡിയോയിലൂടെ കാണാനാവുന്നത്. ഈ മാസം 28നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരം നടക്കുക.
Stars align ahead of the #AsiaCup2022 🤩
A high-profile meet and greet on the sidelines 👏 pic.twitter.com/c5vsNCi6xw
— Pakistan Cricket (@TheRealPCB) August 25, 2022