നിലവിലെ ഇന്ത്യൻ ടീമിന്റെ പ്രധാന ഘടകം തന്നെയാണ് ഓപ്പണർ ശുഭ്മാൻ ഗിൽ. ഇന്ത്യയുടെ 2022 ലോകകപ്പ് സ്ക്വാഡിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഗിൽ ഇന്ത്യയ്ക്കായി തുടർച്ചയായി റൺസ് കണ്ടെത്തുന്നുണ്ട്. നിലവിൽ ന്യൂസിലാൻഡിനെതിരായ ഏകദിന-ട്വന്റി20 പരമ്പരകളിലും സാന്നിധ്യമാണ് ഗില്‍. ഗിൽ വളരെയധികം കഴിവുകളുള്ള ക്രിക്കറ്ററാണെന്നും അയാളുടെ ഉയർന്നുവരുന്ന പക്വത അന്താരാഷ്ട്ര മത്സരങ്ങളിൽ അയാളെ സ്ഥിരതയുള്ള ക്രിക്കറ്ററായി മാറ്റുമെന്നുമാണ് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി പറയുന്നത്.
“ശുഭ്മാൻ ഗിൽ കുറച്ചധികം നാളുകളായി ഇന്ത്യൻ നിരയ്ക്ക് ഒപ്പമുണ്ട്. അയാൾ പൃഥ്വി ഷാ ക്യാപ്റ്റനായ ഇന്ത്യയുടെ അണ്ടർ 19 വിജയ ടീമിലെ അംഗവുമായിരുന്നു. അതിനാൽതന്നെ ഗില്ലിന്റെ കഴിവിനെപ്പറ്റി എല്ലാവർക്കും പൂർണ്ണ ബോധ്യമുണ്ട്. എന്നിരുന്നാലും ഇന്ത്യൻ ടീമിനെ സംബന്ധിച്ച് അവർ പ്രാമുഖ്യം നൽകുന്നത് സ്ഥിരതയ്ക്കാണ്.”- ശാസ്ത്രി പറഞ്ഞു.
ഗില്ലിന് തന്റെ കഴിവുകളിൽ പൂർണമായ വിശ്വാസമുണ്ടെന്നാണ് രവി ശാസ്ത്രി പറയുന്നത്. “അയാൾ മറ്റു ടീമുകൾക്ക് ഭീഷണിയാണ്. മികച്ച കഴിവുകൾകൊണ്ട് അയാൾ ഉറപ്പും തരുന്നുണ്ട്. പക്ഷേ ഇപ്പോൾ അയാൾ തന്റെ സ്വന്തം കഴിവും മത്സരവും മനസ്സിലാക്കേണ്ട സമയമാണ്. അങ്ങനെ അയാൾ പക്വത കണ്ടെത്തിയാൽ സ്ഥിരത കൈവരിക്കാനും സഹായകരമായി മാറും”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം തന്റെ ഇന്നിങ്സിൽ ഡോട്ട് ബോളുകൾ പരമാവധി ഒഴിവാക്കാനും ഗിൽ ശ്രദ്ധിക്കണമെന്ന് രവി ശാസ്ത്രി പറയുകയുണ്ടായി. അങ്ങനെ ഒരു മാനസികാവസ്ഥ മൈതാനത്ത് ഉണ്ടാക്കിയെടുക്കുന്നത് ഗില്ലിനെ പോലെ ഒരു കളിക്കാരന് ഗുണം ചെയ്യുമെന്നാണ് ശാസ്ത്രീ വിശ്വസിക്കുന്നത്. നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 നടക്കുന്നത്.