2023ലെ ഏഷ്യകപ്പ് പാക്കിസ്ഥാനിൽ നിശ്ചയിച്ചശേഷം ഇന്ത്യ പാകിസ്ഥാൻ രാജ്യങ്ങൾ തമ്മിൽ വാക്പോരുകൾ കൊഴുക്കുകയാണ്. പാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പിൽ തങ്ങൾ പങ്കെടുക്കില്ലെന്നും അല്ലാത്തപക്ഷം അത് മറ്റൊരിടത്തേക്ക് മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഏഷ്യാകപ്പിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ 2023 ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനും പങ്കെടുക്കില്ല എന്നായിരുന്നു അവരുടെ മറുപടി. ഒപ്പം ഏഷ്യാകപ്പിന്റെ ആതിഥേയത്വം മറ്റാർക്കും വിട്ടുനിൽക്കില്ല എന്നും പാക്കിസ്ഥാൻ ചീഫ് റമീസ് രാജ പറയുകയുണ്ടായി.
ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ നിന്നും മാറ്റിയാൽ തങ്ങൾ അതിൽ പങ്കെടുക്കില്ല എന്നാണ് റമീസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. “ഞങ്ങൾക്ക് ഏഷ്യാകപ്പിനുള്ള ആതിഥേയത്വ അവകാശം ഇല്ലായിരുന്നുവെങ്കിലും, ഞങ്ങൾ അതിനായി യാചിക്കുകയായിരുന്നുവെങ്കിലും സാരമില്ലായിരുന്നു. ഇതിപ്പോൾ അങ്ങനെയല്ല. ഞങ്ങൾ ആതിഥേയത്വം നീതിപരമായി തന്നെ നേടിയെടുത്തതാണ്.
ഇന്ത്യ വന്നില്ലെങ്കിൽ അവർ വന്നില്ലെന്നേ ഉള്ളൂ. എന്നാൽ പാക്കിസ്ഥാനിൽ നിന്ന് ഏഷ്യാകപ്പ് മാറ്റുകയാണെങ്കിൽ ഞങ്ങളായിരിക്കും അതിൽ നിന്ന് ആദ്യം പിന്മാറുക.”- രമീസ് രാജ പറഞ്ഞു. “ഞങ്ങൾക്ക് വലിയ ടീമുകൾക്കായി ആതിഥേയത്വം വഹിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ കാണിച്ചു തന്നതാണ്. ദ്വിരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യ പാകിസ്ഥാൻ പ്രശ്നങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ ഏഷ്യാകപ്പ് ഒരുപാട് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ്. ഏഷ്യൻ ടീമുകൾക്ക് അതൊരു ലോകകപ്പ് തന്നെയാണ്.”- രമീസ് രാജ കൂട്ടിച്ചേർക്കുന്നു.
“ഇന്ത്യയിലെ ഗവൺമെന്റ് സമ്മതിക്കാത്തതിന്റെ പേരിൽ ഇന്ത്യ ഏഷ്യാകപ്പിൽ പങ്കെടുത്തില്ലെങ്കിൽ അത് അംഗീകരിക്കാം. എന്നാൽ അതിന്റെ പേരിൽ പാകിസ്ഥാനിൽ നിന്ന് ഏഷ്യാകപ്പ് മാറ്റുന്നത് അത്ര നല്ല കാര്യമല്ല.”- രാജ പറഞ്ഞുവയ്ക്കുന്നു.