കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ലോകകപ്പിൽ പുതിയ നിയമവുമായി ഐസിസി. 2022 ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ക്രിക്കറ്റിലെ കോവിഡ് നിയന്ത്രണങ്ങൾക്ക് മാറ്റം വരുത്തിയിരിക്കുകയാണ് ഐസിസി. ഇനിമുതൽ കോവിഡ് പോസിറ്റീവായ കളിക്കാർക്ക് പോലും തങ്ങളുടെ ടീമിൽ കളിക്കാനാവും എന്ന നിയമമാണ് ഐസിസി ഉയർത്തിക്കാട്ടിയിരിക്കുന്നത്. നേരത്തെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത കളിക്കാരെ മറ്റു ടീമംഗങ്ങളിൽ നിന്നും മാറ്റിനിർത്തി ഐസൊലേഷൻ ചെയ്യുകയായിരുന്നു പതിവ്. ഈ നിയമത്തിനാണ് ഐസിസി ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
മത്സരത്തിനു മുമ്പുള്ള കർശനമായ പരിശോധനയിലും ഐസിസി മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മത്സരത്തിനു മുമ്പ് ഏതെങ്കിലും കളിക്കാർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ടൂർണമെന്റിലെ അയാളുടെ പങ്കാളിത്തം പൂർണമായും ടീമിനൊപ്പമുള്ള ഡോക്ടറുടെ കൈകളിലായിരിക്കും. ഡോക്ടർ പരിശോധിച്ചശേഷം അയാൾ കളിക്കാൻ യോഗ്യനാണെന്ന് തോന്നുന്ന പക്ഷം ആ കളിക്കാരന് ടീമിനൊപ്പം അണിനിരക്കാവുന്നതാണ്.
2022 കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റർ ടാഹിലാ മാക്ഗ്രാത്ത് ഫൈനൽ മത്സരത്തിൽ, കോവിഡ് പോസിറ്റീവായിരുന്നിട്ടും കളിച്ചിരുന്നു. ഇത് വലിയ രീതിയിൽ വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഐസിസി ഈ തീരുമാനമെടുക്കാനുള്ള അധികാരം അതാത് ടീമുകൾക്ക് നൽകിയിരിക്കുന്നത്.
ഈ നിയമഭേദഗതി ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്ന 15 രാജ്യങ്ങൾക്കും അങ്ങേയറ്റം സഹായകരം തന്നെയാണ്. പെട്ടെന്നുണ്ടാകുന്ന പരിക്കുകളുടെ സാഹചര്യത്തിൽ പകരക്കാരെ ഇറക്കാൻ ഇത് സഹായകരമാവും. ഒക്ടോബർ 16നാണ് ട്വന്റി20 ലോകകപ്പിലെ ആദ്യറൗണ്ട് പോരാട്ടങ്ങൾ ആരംഭിച്ചത്.