സമീപകാലത്ത് ഇന്ത്യൻ ടീമിൽ വലിയ രീതിയിൽ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുള്ള ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്. 2022ൽ ഇതുവരെ 31 ട്വന്റി20കൾ കളിച്ചിട്ടുള്ള സൂര്യ 1164 റൺസ് നേടിയിട്ടുണ്ട്. 187 ആണ് സൂര്യയുടെ സ്ട്രൈക്ക് റേറ്റ്. ഏത് ഭാഗത്തേക്കും ഷോട്ടുകൾ തൊടുത്തുവിടാനുള്ള കഴിവാണ് സൂര്യകുമാറിനെ മറ്റു ബാറ്റർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഒപ്പം ക്രീസിൽ എത്തിയശേഷം സൂര്യകുമാർ കാട്ടുന്ന പോസിറ്റീവ് സമീപനവും മത്സരത്തിൽ വഴിത്തിരിവുണ്ടാക്കുന്നു. തന്റെ മത്സര രീതികളെപറ്റി സൂര്യകുമാർ സംസാരിക്കുകയുണ്ടായി.
എല്ലാ സാഹചര്യങ്ങളിലും തന്റെ പരമാവധി നൽകാനാണ് താൻ ശ്രമിക്കുന്നത് എന്ന് സൂര്യകുമാർ യാദവ് പറയുന്നു. “ഏത് ഫോർമാറ്റിൽ കളിക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ ചിന്തിക്കുന്നത് എനിക്കിഷ്ടമല്ല. കാരണം ഞാൻ മത്സരം ആസ്വദിക്കുന്ന ആളാണ്. എവിടെ ബാറ്റ് ചെയ്താലും ഞാൻ അത് മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. എവിടെപ്പോയാലും മത്സരത്തിലെ ഗെയിം ചേഞ്ചർ ആവുന്നതാണ് ഞാൻ സ്വപ്നം കാണാറുള്ളത്.
ട്വന്റി20 ആയാലും, ഏകദിനമായാലും, രഞ്ജി ട്രോഫിയിലായാലും ബാറ്റ് ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.”- സൂര്യകുമാർ യാദവ് പറയുന്നു. ഇതോടൊപ്പം തന്റെ 360 ഡിഗ്രി ഷോട്ടുകളെപറ്റിയും സൂര്യകുമാർ സംസാരിക്കുകയുണ്ടായി. അത്തരം റാമ്പ് ഷോട്ടുകൾ നെറ്റ്സിൽ താൻ ശ്രമിക്കാറില്ല എന്ന് സൂര്യകുമാർ പറയുന്നു. “ഞാൻ അത്തരം ഷോട്ടുകൾ നെറ്റ്സിൽ ശ്രമിക്കാറില്ല. നെറ്റ്സിൽ സാധാരണ ഷോട്ടുകൾ കളിക്കുന്നതാണ് ഇഷ്ടം. ബോൾ ബാറ്റിൽ കൊള്ളുന്ന ശബ്ദം കേൾക്കണം എന്ന് മാത്രം.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി ട്വന്റി20 ലോകകപ്പിലടക്കം മികവാർന്ന പ്രകടനങ്ങൾ തന്നെയാണ് ഈ വർഷം സൂര്യകുമാർ യാദവ് കാഴ്ചവെച്ചിട്ടുള്ളത്. 2023ൽ 50ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഏകദിനങ്ങളിലും സൂര്യ മികവ് കാട്ടുമെന്നാണ് പ്രതീക്ഷ.