ലോകത്തിലെ മികച്ച ടോപ് ഓർഡർ എന്നു വിശ്വസിച്ച് ലോകകപ്പിനിറങ്ങി!! ഇപ്പോൾ കാണുന്നത് നിഴൽ മാത്രം!! ചോപ്ര പറയുന്നു

   

ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് ലോകകപ്പ് മത്സരങ്ങളിലും കാണാനായത് ഓപ്പണർമാരുടെ മോശം ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു. രോഹിത് ശർമ രണ്ടാമത്തെ മത്സരത്തിൽ നെതർലൻസിനെതിരെ അർത്ഥസെഞ്ചുറി നേടിയപ്പോൾ, രാഹുൽ മൂന്ന് മത്സരങ്ങളിലും പൂർണ്ണ പരാജയമായി. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മത്സരത്തിലും മോശം ഓപ്പണിങ് ഇന്ത്യയെ ബാധിച്ചിരുന്നു. ഇന്ത്യൻ ഓപ്പണർമാരുടെ ഈ നിരാശാജനകമായ പ്രകടനം ആശങ്കയുണർത്തുന്നു എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.

   

ഇന്ത്യയെ സംബന്ധിച്ച് ഓപ്പണിങ് ഒരു പ്രധാന ഘടകമാണെന്ന് ആകാശ് ചോപ്ര പറയുന്നു. “ഇന്ത്യയുടെ ഓപ്പണിങ് ഫലപ്രദമാകുന്നില്ല. ഇതുവരെ ഓപ്പണിങ് വിക്കറ്റിൽ 50 റൺസിന്റെ കൂട്ടുകെട്ട് ഉയർത്താൻ ബാറ്റർമാർക്ക് സാധിച്ചിട്ടില്ല. നെതർലാൻസിനെതിരായ മത്സരത്തിൽപോലും. അതിനാൽതന്നെ ഇത് ആശങ്കയുണർത്തുന്ന ഒരു ഘടകമാണ്.”- ആകാശ് ചോപ്ര പറഞ്ഞു.

   

പ്രത്യേകിച്ച് രാഹുലിന്റെ മോശം ഫോമിനെക്കുറിച്ചാണ് ചോപ്ര തന്റ ആശങ്ക അറിയിച്ചത്. “ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടോപ്പ് ഓർഡർ ബാറ്റർമാരുടെ നിരയാണ് നമ്മുടേത് എന്ന വിശ്വാസത്തിലാണ് നാം ലോകകപ്പിനെത്തിയത്. ഇതിൽ മൂന്നാം നമ്പർ ബാറ്റർ വിരാട് കോഹ്ലി മികച്ച ഫോമിൽ തന്നെയാണുള്ളത്. ഓപ്പണർ രോഹിത് ഒരു അർത്ഥശതകവും നേടി. എന്നാൽ രാഹുലിന് ഇതുവരെ തന്റെ താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ നമ്മുടെ ഓപ്പണിങ് ഇപ്പോഴും ഗുരുതരമായ അവസ്ഥയിൽ തന്നെയാണ്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

ലോകകപ്പിൽ ഇതുവരെ മൂന്നു മത്സരങ്ങൾ കളിച്ച രാഹുൽ 22 റൺസാണ് നേടിയിട്ടുള്ളത്. റൺസ് കണ്ടെത്താത്തത് മാത്രമല്ല, ആത്മവിശ്വാസമില്ലായ്മയും രാഹുലിന്റെ ബാറ്റിങ്ങിൽ കാണാനാവും. വരുന്ന നിർണായക മത്സരങ്ങളിൽ രാഹുൽ തന്റെ ഫോമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *