ഐപിഎല്ലിൽ ചെന്നൈ ടീമിന്റെ എക്കാലത്തെയും വിശ്വസ്തനായിരുന്നു വിൻഡീസ് ഓൾറൗണ്ടർ ഡ്വേയ്ൻ ബ്രാവോ. അതിനാൽ തന്നെ ചെന്നൈ 2023 ഐപിഎല്ലിലേക്ക് ബ്രവോയെ നിലനിർത്തുമെന്ന് എല്ലാവരും കരുതി. പക്ഷേ ചെന്നൈ ബ്രാവോയെ റിലീസ് ചെയ്തു. അന്ന് നിരാശരായ ചെന്നൈ ആരാധകർക്ക് ഇരട്ടിമധുരം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. 2023 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബോളിംഗ് കോച്ചായി ഡെയിൻ ബ്രാവോ പ്രവർത്തിക്കും.
ചെന്നൈ ഈ വിവരം പുറത്തുവിട്ടതിന് പുറമേ ബ്രാവോയും ഇക്കാര്യത്തിൽ തന്റെ ആഹ്ലാദം പ്രകടിപ്പിക്കുകയുണ്ടായി. “ഞാൻ ഈ യാത്ര ഇവിടെവച്ച് തുടങ്ങുകയാണ്. കാരണം എന്റെ വിരമിക്കലിനു ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യം ഇതുതന്നെയാണ്. മുൻപ് തന്നെ ബോളർമാരോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു. ഇപ്പോഴും ഞാൻ ആവേശത്തിലാണ്.”- ബ്രാവോ പറഞ്ഞു.
“കളിക്കാരനിൽ നിന്ന് കോച്ചിലേക്ക് വരുമ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് തോന്നുന്നില്ല. കാരണം കളിക്കുന്ന സമയത്തും ഞാൻ ബോളർമാരോടൊപ്പം സമയം കണ്ടെത്തിയിരുന്നു. ഒപ്പം ബാറ്റർമാരുടെ മുൻപിൽ എങ്ങനെ ചിന്തിക്കാം എന്ന ആശയങ്ങളും തന്ത്രങ്ങളും രൂപീകരിക്കാൻ ശ്രമിച്ചിരുന്നു. അതിനാൽതന്നെ കാര്യങ്ങൾ എനിക്കല്പം എളുപ്പമാകും.”- ബ്രാവോ കൂട്ടിച്ചേർക്കുന്നു.
“മത്സരദിവസങ്ങൾ വച്ചുനോക്കുമ്പോഴുള്ള ഏകവ്യത്യാസം എനിക്ക് മിഡ് ഓണിലൊ മിഡ് ഓഫിലോ നിൽക്കാൻ സാധിക്കില്ല എന്നതു മാത്രമാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി ഞാൻ മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാൽ ഐപിഎൽ ചരിത്രത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”- ബ്രാവോ പറഞ്ഞുവെക്കുന്നു. ഐപിഎല്ലിൽ 161 മത്സരങ്ങൾ കളിച്ച ബ്രാവോ 183 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 2022ൽ 10 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ ബ്രാവോ നേടുകയുണ്ടായി.