അദ്ദേഹത്തെപ്പോലെയാവണം എന്നാഗ്രഹിച്ചു, പക്ഷെ നടന്നില്ല!! തന്റെ റോൾ മോഡലിനെപ്പറ്റി ധോണി!

   

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റർ കൂടിയാണ് ധോണി. ഇന്ത്യയെ പ്രാഥമിക ട്വന്റി20 ലോകകപ്പിലും, 2011ലെ 50 ഓവർ ലോകകപ്പിലും, 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ജേതാക്കളാക്കിയ ക്യാപ്റ്റൻ ധോണി തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്ററാരാണ് എന്ന് ചോദ്യത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ എന്നാണ് ധോണി പറയുന്നത്.

   

തന്റെ കരിയറിലുടനീളം താൻ സച്ചിനെയാണ് മാതൃകയാക്കിയതെന്നും എന്നാൽ സച്ചിനെപ്പോലെയാവാൻ തനിക്ക് സാധിച്ചില്ലെന്നും ധോണി പറയുന്നു. “ക്രിക്കറ്റിൽ റോൾ മോഡലായി ഞാൻ കാണുന്നത് സച്ചിൻ ടെണ്ടുൽക്കറെ തന്നെയാണ്. ഞാനും നിങ്ങളെപ്പോലെയാണ്. സച്ചിന്റെ ഒരുപാട് കളികൾ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ കളിക്കണമെന്ന് തന്നെയായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ നാളുകൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തെപ്പോലെ കളിക്കാനാവില്ല എന്ന് ഞാൻ മനസ്സിലാക്കി. പക്ഷേ എന്റെ ഹൃദയത്തിൽ എപ്പോഴും സച്ചിനെപ്പോലെ കളിക്കുക എന്നത് തന്നെയായിരുന്നു. വളർന്നു വന്നപ്പോഴും അദ്ദേഹം തന്നെയായിരുന്നു എന്റെ റോൾ മോഡൽ”- ധോണി പറയുന്നു.

   

ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനേഴായിരം റൺസിലധികം നേടിയിട്ടുള്ള ക്രിക്കറ്ററാണ് എം എസ് ധോണി. ഇന്ത്യക്കായി 16 സെഞ്ചുറികളും 108 അർദ്ധസെഞ്ച്വറികളും ധോണി നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ദേശീയ ടീമിലെ പല ക്രിക്കറ്റർമാരുടെയും റോൾ മോഡൽ തന്നെയാണ് എം എസ് ധോണി. അതിനാൽതന്നെ ധോണിയുടെ ഈ ഉത്തരം പലർക്കും ആവേശം പകരുന്നതാണ്.

   

ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കുമ്പോഴും ധോണിയും സച്ചിനും തമ്മിൽ മികച്ച ഒരു ആത്മബന്ധം സ്ഥാപിച്ചിരുന്നു. 2007ലെ ട്വന്റി20 ലോകകപ്പിൽ ധോണിയെ ക്യാപ്റ്റനായി നിർദേശിച്ചതും സച്ചിനാണ്. 2011 ൽ സച്ചിനായി 50 ഓവർ ലോകകപ്പ് നേടിക്കൊടുക്കാനും ധോണി എന്ന ക്യാപ്റ്റന് സാധിച്ചു. ഇക്കാരണങ്ങൾ കൊണ്ടൊക്കെയും ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു സുവർണ്ണകാലം തന്നെയായിരുന്നു സച്ചിൻ-ധോണി കോംബോയുടെ സമയം.

Leave a Reply

Your email address will not be published. Required fields are marked *