ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ പടുകൂറ്റൻ സിക്സർ നേടി ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലായിരുന്നു സംഭവം. ഒരു ടെസ്റ്റ് മത്സരത്തിന്റെ രീതിയിൽ വാലറ്റത്തെ ചുരുട്ടി കെട്ടാനായിരുന്നു ബംഗ്ലാദേശ് ബോളർമാർ ശ്രമിച്ചത്. എന്നാൽ താൻ നേരിട്ട രണ്ടാം ബോളിൽ തന്നെ ഒരു 100 മീറ്റർ സിക്സ് നേടിയാണ് ഉമേഷ് യാദവ് ബംഗ്ലാദേശിനു മറുപടി നൽകിയത്. സോഷ്യൽ മീഡിയയിലടക്കം ഉമേഷിന്റെ സിക്സർ വൈറലായിട്ടുണ്ട്.
അശ്വിൻ പുറത്തായതിനു ശേഷമായിരുന്നു ഉമേഷ് യാദവ് ക്രീസിൽ എത്തിയത്. മെഹദിഹൻ എറിഞ്ഞ ആദ്യ പന്ത് ഉമേഷ് യാദവ് പ്രതിരോധിക്കുകയാണ് ചെയ്തത്. അതിനാൽ തന്നെ അതേ രീതിയിൽ മെഹദി ഹസൻ വീണ്ടും ശ്രമിച്ചു. ഈ സമയത്തായിരുന്നു ഉമേഷ് സ്ലോഗ് സ്വീപ്പ് ചെയ്ത് സിക്സർ പറത്തിയത്. ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ ഇത്തരം സമീപനം മുമ്പും ഉമേഷ് പുലർത്തിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 405 റൺസിൽ അവസാനിക്കുകയായിരുന്നു. ആദ്യദിനത്തിൽ പൂജാരയുടെയും ശ്രേയസ് അയ്യരുമായിരുന്നു ഇന്ത്യക്കായി കളംനിറഞ്ഞത്. എന്നാൽ രണ്ടാം ദിവസം ഇന്ത്യയുടെ വാലറ്റത്തിന്റെ ഉഗ്രൻ ബാറ്റിംഗ് പ്രകടനം കാണാനായി. എട്ടാമനായിറങ്ങിയ രവിചന്ദ്രൻ അശ്വിൻ 58 റൺസ് നേടിയപ്പോൾ കുൽദീപ് യാദവ് 40 റൺസ് നേടി. ഇവരുടെയും ഉഗ്രൻ കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ വലിയ സ്കോറിൽ എത്തിപ്പെടുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർ ഷാൻഡോയെ പൂജ്യനായി തന്നെ നഷ്ടമായി. ശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്തുന്നതിൽ ഇന്ത്യയുടെ പേസർമാർ വിജയിച്ചിട്ടുണ്ട്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുട്ടി കെട്ടി വലിയ ലീഡ് സ്വന്തമാക്കാൻ തന്നെയാവും മത്സരത്തിൽ ഇന്ത്യ ശ്രമിക്കുന്നത്. ഈ മത്സരം വിജയിക്കേണ്ടത് ഇന്ത്യക്ക് നിർണായകവുമാണ്.
— MAHARAJ JI (@MAHARAJ96620593) December 15, 2022