“ഞാൻ ആ 2 വ്യക്തികളിൽ നിന്ന് ഒരുപാട് പഠിച്ചു”!! തന്നെ സ്വാധീനിച്ച 2 ഇന്ത്യൻ താരങ്ങളെപറ്റി സൂര്യകുമാർ!!

   

ഇന്ത്യയുടെ ന്യൂസിലാൻഡിതിരായ രണ്ടാം ട്വന്റി20യിൽ മികച്ച ബാറ്റിംഗ് തന്നെയായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ 51 പന്തുകൾ നേരിട്ട സൂര്യ 111 റൺസ് നേടുകയുണ്ടായി. ഇന്ത്യക്കായി ട്വന്റി20 ക്രിക്കറ്റിൽ രണ്ടാം സെഞ്ചുറി നേടുന്ന മൂന്നാമത്തെ കളിക്കാരനായും സൂര്യകുമാർ മാറി. ഈ ഇന്നിംഗ്സിന് ശേഷം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സൂര്യകുമാറിന് അഭിനന്ദനപ്രവാഹം വന്നെത്തുകയുണ്ടായി. എന്നാൽ തന്റെ ക്രിക്കറ്റ് കരിയറിലെ പാഠങ്ങൾ ഉൾക്കൊണ്ടത് രണ്ട് ഇന്ത്യൻ താരങ്ങളിൽ നിന്നാണ് എന്ന് സൂര്യകുമാർ യാദവ് പറയുന്നു.

   

വിരാട് കോഹ്ലിയിൽ നിന്നും സച്ചിൻ ടെണ്ടുൽക്കറിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായി എന്ന് സൂര്യകുമാർ പറയുകയുണ്ടായി. “എന്റെ ഇന്നിങ്സിനെപറ്റി ആളുകൾ ട്വീറ്റുകളും മെസ്സേജുകളും അയക്കുമ്പോൾ വളരെയേറെ സന്തോഷം തോന്നാറുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കളിക്കുമ്പോൾ കുറച്ചധികം കാര്യങ്ങൾ ഞാൻ സച്ചിൻ സാറിൽ നിന്നും പഠിക്കുകയുണ്ടായി. മാത്രമല്ല ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ വിരാട് കോഹ്ലിയിൽ നിന്നും കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. അതെല്ലാം വളരെ നന്നായി എന്ന് തോന്നുന്നു.”- സൂര്യകുമാർ പറയുന്നു.

   

ഒപ്പം മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് ലഭിക്കുന്ന പിന്തുണകൾ അങ്ങേയറ്റം ആവേശമുണർത്തുന്നതായി സൂര്യ പറയുകയുണ്ടായി. “ഇവിടെ ഒരുപാട് ആളുകളുണ്ട്. ഇന്ത്യൻ ടീമിന് ഇത്രയധികം പിന്തുണ ന്യൂസിലാന്റിൽ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ആരാധകരിൽ ഒരാളെ ഞാൻ ശ്രദ്ധിച്ചു. അയാളെ ഞാൻ അടുത്ത് വിളിക്കുകയും എനിക്കായി എന്ത് ചോദ്യങ്ങളാണ് കയ്യിലുള്ളത് എന്ന് ആരായുകയും ചെയ്യും.”- സൂര്യകുമാർ കൂട്ടിച്ചേർത്തു.

   

നിലവിൽ ട്വന്റി20 ക്രിക്കറ്റിലെ ഒന്നാം നമ്പർ ബാറ്ററാണ് സൂര്യകുമാർ യാദവ്. ന്യൂസിലാൻഡിനെതിരായ രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടിയ സൂര്യ ഇന്ത്യയെ പരമ്പരയിൽ 1-0ന് മുൻപിലേക്ക് എത്തിക്കുകയും ചെയ്തു. നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ അവസാന ട്വന്റി20 മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *