ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ശ്രേയസ് അയ്യർ കാഴ്ചവച്ചിരുന്നത്. മത്സരത്തിൽ അയ്യർ തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ട്വന്റി20 ലോകകപ്പിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും അയ്യർ അടിച്ചുതകർത്തിരുന്നു. എന്നാൽ അയ്യർ ടീമിൽ സ്ഥാനം ലഭിക്കുന്നതിനായാണ് വമ്പനടികൾക്ക് ശ്രമിക്കാത്തത് എന്ന വിമർശനം ഈ പ്രകടനങ്ങൾക്ക് ശേഷം ഉയർന്നിരുന്നു. ഇതിനു മറുപടി നൽകി സംസാരിക്കുകയാണ് ശ്രേയസ് അയ്യർ ഇപ്പോൾ.
ടീമിലെ സ്ഥാനം എന്നതിൽ താൻ ഒരിക്കലും ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ് ശ്രേയസ് അയ്യർ പറയുന്നത്. “ടീമിൽ കളിക്കാർ വരികയും പോവുകയും ചെയ്യും. സ്ഥിരത മാത്രമാണ് കാര്യം. അതാണ് എന്റെ മാനസികാവസ്ഥയും. കാര്യങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കും. എല്ലാവരുടെയും കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടാവും. അതുകൊണ്ടുതന്നെ എല്ലാ സാഹചര്യത്തിലും ഞാൻ സ്വയമേ പ്രചോദിപ്പിക്കാനാണ് ശ്രമിക്കുന്നത്. പുറത്തുനിന്നുള്ള സംസാരങ്ങൾക്ക് ഞാൻ ചെവി കൊടുക്കാറില്ല. ഞാൻ എന്റേതായ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നു.”- അയ്യർ പറഞ്ഞു.
“ശുഭാപ്തി വിശ്വാസത്തോടെ കളിക്കുക എന്നതാണ് ഞാൻ പിന്തുടരുന്ന സമീപനം. ഭാവിയെക്കുറിച്ച് ഒരുപാട് ആലോചിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മത്സരങ്ങൾ വീണ്ടും വീണ്ടും വരുമ്പോൾ പരിശീലനങ്ങളിലും എന്റെ ഫിറ്റ്നസിലും മാത്രം ഞാൻ ശ്രദ്ധിക്കുന്നു. സ്ഥിരതയോടെ ടീമിൽ കളിക്കണം എന്ന മാനസികാവസ്ഥ വെച്ച് പുലർത്താൻ ശ്രമിക്കാറുണ്ട്.”- അയ്യർ കൂട്ടിച്ചേർക്കുന്നു.
ഈ വർഷം ഏകദിനങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ തന്നെയാണ് അയ്യർ കാഴ്ചവെച്ചിട്ടുള്ളത്. 11 മത്സരങ്ങളിൽ നിന്ന് അയ്യർ 486 റൺസ് അയ്യർ ഇന്ത്യക്കായി നേടി. 60.75 ആണ് അയ്യരുടെ ബാറ്റിംഗ് ശരാശരി. 2022ൽ ഒരു സെഞ്ച്വറിയും നാല് അർത്ഥസെഞ്ച്വറികളും അയ്യർ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്.