എത്രനാൾ ഇനി കളിക്കാൻ സാധിക്കുമെന്നറിയില്ല പക്ഷെ എന്റെ ലക്ഷ്യം അതാണ് – ധവാൻ

   

ഇന്ത്യയുടെ മുൻനിര താരങ്ങളൊക്കെയും, വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുമ്പായി ഓസ്ട്രേലിയയിലേക്ക് തിരിച്ചതിനാൽ തന്നെ ഇന്ത്യയുടെ രണ്ടാം നിരയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ അണിനിരക്കുക. രോഹിത്തിന്റെയും രാഹുലിന്റെയും അഭാവത്തിൽ ശിഖർ ധവാനാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കൻ സീരീസിലെ പ്രതീക്ഷകളെ റ്റി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ധവാൻ സംസാരിക്കുകയുണ്ടായി. ട്വന്റി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കരുതൽ കളിക്കാർക്കടക്കം ഈ പരമ്പര വളരെ പ്രാധാന്യമേറിയതാണ് എന്നായിരുന്നു ശിഖർ ധവാൻ പറഞ്ഞത്. ഒപ്പംതന്റെ ഏകദിനടീമിലെ ഭാവിയെപ്പറ്റിയും ധവാൻ വാചാലനായി.

   

അടുത്ത വർഷം നടക്കാനിരിക്കുന്ന 50 ഓവർ ലോകകപ്പിലേക്കുള്ള മാനദണ്ഡമായാണ് ശിഖർ ധവാൻ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയേ കാണുന്നത്. തന്റെ പ്രാഥമിക ലക്ഷ്യം 2023 ലോകകപ്പ് കളിക്കുക എന്നതാണെന്ന് ധവാൻ പറയുന്നു. “ഞാൻ എല്ലാ കാര്യങ്ങളുടെയും പോസിറ്റീവ് വശം കാണാൻ ശ്രമിക്കുന്ന ആളാണ്. അങ്ങനെ നോക്കുമ്പോൾ 2023ലെ 50 ഓവർ ലോകകപ്പിനുള്ള സ്ക്വാഡിൽ കളിക്കുന്നതിനുള്ള ഒരവസരമായാണ് ഞാൻ ഈ പരമ്പരയേ കാണുന്നത്. നല്ല ഫിറ്റ്നസോടെ ബാറ്റിംഗിൽ മികവുകാട്ടാൻ ഞാനാഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ എനിക്ക് ലോകകപ്പിൽ കളിക്കാനാവും.”- ധവാൻ പറയുന്നു.

   

“എത്രനാൾ എനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കും എന്നറിയില്ല. പക്ഷേ ഇപ്പോഴത്തെ എന്റെ പ്രധാനലക്ഷ്യം 2023 ലോകകപ്പിൽ കളിക്കുക എന്നതാണ്. എപ്പോഴൊക്കെ കളിക്കാൻ അവസരം ലഭിച്ചാലും പരമാവധി ഫിറ്റ്നസ് സംരക്ഷിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇതുവരെ എനിക്ക് മികച്ച ഒരു കരിയറാണ് ലഭിച്ചത്. യുവതാരങ്ങൾക്ക് മാതൃകയാവാൻ സാധിക്കുന്നുണ്ട്. ഇപ്പോൾ എന്റെ തോളിൽ വലിയൊരു ഉത്തരവാദിത്വം ടീം മാനേജ്മെന്റ് ഏൽപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഞാനത് ആസ്വദിക്കുന്നു.”- ധവാൻ കൂട്ടിച്ചേർത്തു.

   

ഇപ്പോൾ ഇന്ത്യയുടെ ടീമിൽ കളിക്കുന്നവരിൽ ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയ മൂന്നാമത്തെ താരമാണ് ധവാൻ. ഇതുവരെ ഇന്ത്യയ്ക്കായി 108 ഏകദിനങ്ങളിൽ നിന്ന് 6647 റൺസ് ധവാൻ നേടിയിട്ടുണ്ട്. ഇതിൽ 17 സെഞ്ച്വറികളും ഉൾപ്പെടുന്നു. ഈ പരമ്പരയിലും ധവാൻ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *