ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ പലരെയും ഞെട്ടിച്ച പ്രകടനം തന്നെയാണ് ഇഷാൻ കിഷൻ കാഴ്ചവച്ചത്. മത്സരത്തിൽ ശിഖർ ധവാനൊപ്പം ഓപ്പണിങ്ങിറങ്ങിയ കിഷൻ വെടിക്കെട്ട് തീർക്കുകയായിരുന്നു. മത്സരത്തിൽ 131 പന്തുകൾ നേരിട്ട കിഷൻ 210 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 24 ബൗണ്ടറികളും പത്ത് സിക്സറുകളും ഉൾപ്പെട്ടു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 36ആം ഓവറിലായിരുന്നു ഇഷാൻ കിഷൻ കൂടാരം കയറിയത്. എന്നാൽ ക്രീസിൽ തുടർന്നിരുന്നെങ്കിൽ തനിക്ക് ത്രിപിൾ സെഞ്ച്വറി നേടാൻ സാധിക്കുമായിരുന്നു എന്നാണ് ഇഷാൻ കിഷൻ ഇപ്പോൾ പറയുന്നത്.
“ഇവിടത്തെ വിക്കറ്റ് വളരെ മികച്ച രീതിയിൽ ബാറ്റിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. അതിനാൽതന്നെ എന്റെ ഉദ്ദേശം വ്യക്തമായിരുന്നു. ബോൾ ലഭിക്കുമ്പോൾ അടിച്ചകറ്റുക. ഈ ഇതിഹാസങ്ങളുടെയൊപ്പം ഈ ലിസ്റ്റിൽ എന്റെ പേരു കേൾക്കുമ്പോൾ അഭിമാനമുണ്ട്. ഞാൻ പുറത്താവുമ്പോൾ 15 ഓവറുകൾ കൂടി ബാക്കിയുണ്ടായിരുന്നു. 300 റൺസ് എനിക്ക് നേടാമായിരുന്നു.”- ഇഷാൻ കിഷൻ പറഞ്ഞു.
മത്സരത്തിൽ വിരാട് കോഹ്ലിക്കൊപ്പം ചേർന്ന് 290 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഇഷാൻ കിഷൻ മത്സരത്തിൽ കെട്ടിപ്പടുത്തത്. കോഹ്ലിയോടൊപ്പമുള്ള ബാറ്റിംഗിനെപറ്റിയും കിഷൻ പറയുകയുണ്ടായി. “വിരാടിന് മത്സരത്തെക്കുറിച്ച് കൃത്യമായ ഒരു ബോധ്യമുണ്ട്. ഞാൻ 90കളിൽ എത്തിയപ്പോൾ അദ്ദേഹമാണ് എന്നെ ശാന്തനാക്കിയത്. എനിക്ക് സിക്സറിലൂടെ സെഞ്ച്വറി നേടാനായിരുന്നു താൽപര്യം. എന്നാൽ എന്റെ ആദ്യ സെഞ്ച്വറിയായതിനാൽ തന്നെ സിംഗിളുകളിലൂടെ നേടാൻ വിരാട് പറഞ്ഞു.”- ഇഷാൻ കിഷൻ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിന് മുമ്പ് താൻ സൂര്യകുമാർ യാദവുമായി സംസാരിച്ചിരുന്നതായും ഇഷാൻ കിഷൻ പറയുന്നു. മത്സരത്തിൽ തനിക്ക് ലഭിച്ച അവസരം നന്നായി ഉപയോഗിക്കാനാണ് താൻ ശ്രമിച്ചതെന്നും കിഷാൻ പറഞ്ഞു. മത്സരത്തിൽ ഇഷാന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിൽ നിശ്ചിത 50 ഓവറുകളിൽ 409 റൺസാണ് ഇന്ത്യ നേടിയത്.