ഇന്ത്യയുടെ കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലൊക്കെയും വമ്പൻ ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്ത ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ്. ഇതുവരെ ഈ വർഷം 29 ട്വന്റി20 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച സൂര്യകുമാർ 1040 റൺസാണ് നേടിയിട്ടുള്ളത്. 185 ആണ് സൂര്യയുടെ സ്ട്രൈക്കർ റേറ്റ്. 2022ലെ ട്വന്റി20 ലോകകപ്പിലും സൂര്യകുമാർ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയുണ്ടായി. പ്രത്യേകമായും സൂര്യയുടെ ഷോട്ടുകളുടെ റേഞ്ചാണ് സൂര്യയെ ട്വന്റി20യിൽ വ്യത്യസ്തനാക്കുന്നത്. ഇതേപ്പറ്റി സംസാരിക്കുകയാണ് ന്യൂസിലാൻഡ് ബാറ്റർ ഗ്ലെൻ ഫിലിപ്സ്.
സൂര്യകുമാർ കളിക്കുന്ന പല ഷോട്ടുകളും തനിക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണ് എന്ന് ഗ്ലെൻ ഫിലിപ്സ് പറയുന്നു. “സൂര്യകുമാർ ഒരു അവിസ്മരണീയ ബാറ്ററാണ്. എനിക്ക് സ്വപ്നം കാണാൻ പോലും സാധിക്കാത്തതാണ് അയാൾ ചെയ്യാറുള്ളത്. സൂര്യയുടെ പല ഷോട്ടുകളും ശ്രമിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ഞങ്ങളുടെ മത്സരം വ്യത്യസ്തമാണ്. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സിക്സറുകൾ നേടാൻ സാധിക്കുന്ന ശക്തിയുള്ള കൈക്കൂഴയാണ് സൂര്യയുടെ ബലം. നമ്മൾ സാധാരണയായി ഇത്തരം ബാറ്റർമാരെ കാണാറില്ല.”- ഫിലിപ്സ് പറയുന്നു.
ഇതോടൊപ്പം ന്യൂസിലാൻഡിൽ സൂര്യ വെടിക്കെട്ട് തീർക്കുമെന്നും ഗ്ലെൻ ഫിലിപ്സ് പറയുകയുണ്ടായി. “അയാൾക്ക് അയാളുടേതായ ശക്തി മേഖലയുണ്ട്. എനിക്ക് എന്റേതായതും. എന്തായാലും ഓസ്ട്രേലിയയിലെതിനെക്കാളും ഉയർന്ന സ്ട്രൈക്ക് റേറ്റാവും സൂര്യകുമാറിന് ന്യൂസിലാൻഡിൽ ഉണ്ടാവുക. കാരണം ന്യൂസിലാൻഡിലെ മൈതാനങ്ങൾ ചെറുതാണ്. പിച്ചുകൾ കൂടുതൽ ബൗൺസ് നൽകും. അതിനാൽതന്നെ സൂര്യയുടെ മത്സരത്തിനായി കാത്തിരിക്കുന്നു. “- ഫിലിപ്സ് കൂട്ടിച്ചേർത്തു.
3 ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ-ന്യൂസിലൻഡിനെതിരെ കളിക്കുന്നത്. ഇതിൽ ആദ്യ ട്വന്റി20 മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ട്വന്റി20 നാളെയാണ് നടക്കുന്നത്. വലിയ പ്രതീക്ഷകളിൽ തന്നെയാണ് ഇന്ത്യ.