ഇന്ത്യയുടെ ടീം സെലക്ഷൻ ബാറ്റിംഗ് സംബന്ധിച്ചുള്ള കുരുക്കുകൾ വർധിക്കുകയാണ്. പല ബാറ്റർമാർക്കും ടീമിൽ സ്ഥിരത കണ്ടെത്താൻ സാധിക്കാത്തതും പലരും നിരുത്തരവാദപരമായി കളിക്കുന്നതും ഇന്ത്യയെ ഏഷ്യാക്കപ്പിൽ ബാധിച്ചു. അതിനാൽ തന്നെ ട്വന്റി20 ലോകകപ്പിലേക്ക് പോവുമ്പോൾ മറ്റൊരു വലിയ പരീക്ഷണം നടത്താൻ ഇന്ത്യയ്ക്ക് സാധ്യമല്ല. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രശ്നങ്ങൾ നേരിടുന്നത് മധ്യനിരയിൽ തന്നെയാണ്. ഇന്നിങ്സ് ഫിനിഷ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ പല ഇന്ത്യൻ ബാറ്റർമാർക്കും വ്യക്തത കുറവുണ്ട്.
നിലവിൽ ദീപക് ഹൂഡയും റിഷാഭ് പന്തുമാണ് ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിന്റെ 5ആം നമ്പറിലേക്ക് തെരഞ്ഞെടുക്കപ്പെടാവുന്ന കളിക്കാർ. ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലെ 5ആം നമ്പരിൽ ആരാണ് ഉത്തമമെന്നാണ് ഇപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റർ റോബിൻ ഉത്തപ്പ പറയുന്നത്. “എനിക്ക് തോന്നുന്നത് അഞ്ചാം നമ്പറിലെ മത്സരം നടക്കുന്നത് പന്തും ഹൂഡയും തമ്മിലാണെന്നാണ്. ഇത് വെച്ച്നോക്കുമ്പോൾ ഇപ്പോൾ ഹൂഡ തന്നെയാണ് മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുന്നത്. മാത്രമല്ല അത്യാവശ്യം ബോൾ ചെയ്യാനും ഹൂഡയ്ക്കു സാധിക്കും.
അഫ്ഗാനിസ്ഥനെതിരെ ബോൾ കൊണ്ട് എങ്ങനെ തനിക്ക് ഇന്ത്യയെ സഹായിക്കാനാവുമെന്ന് ഹൂഡ കാണിക്കുകയുണ്ടായി.” – ഉത്തപ്പ പറയുന്നു. “ഹൂഡ കളിച്ച 18 മത്സരങ്ങളിൽ 16 എണ്ണവും ഇന്ത്യ വിജയിക്കുകയുണ്ടായി. ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയുമുള്ള രണ്ട് മത്സരങ്ങളാണ് ഇന്ത്യ പരാജയപ്പെട്ടത്. മാത്രമല്ല മധ്യനിരയിൽ ഹൂഡയെ കളിപ്പിക്കുന്നത് ഇന്ത്യയ്ക്ക് ആവശ്യമായ സന്തുലിതാവസ്ഥ നൽകും.
അങ്ങനെയെങ്കിൽ ആറാമനായി ഹാർദിക്കിനെയും ഏഴാമനായി ദിനേശ് കാർത്തിക്കിനെയും ഇന്ത്യയ്ക്ക് കളിപ്പിക്കാനാവും,”- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു. ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ 14 റൺസും ശ്രീലങ്കയ്ക്കെതിരെ 17 റൺസുമാണ് പന്ത് നേടിയത്. ഹൂഡ പാകിസ്ഥാനെതിരെ 16 റൺസും ശ്രീലങ്കയ്ക്കെതിരെ മൂന്ന് റൺസും. അതിനാൽ തന്നെ അടുത്ത പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമെ ഇരുവർക്കും ലോകകപ്പ് സ്ക്വാഡിൽ സ്ഥാനമുറപ്പിക്കാൻ സാധിക്കു.