ഹിറ്റ്മാനുമല്ല ധവാനുമല്ല! ഇവന് ഇനി ഇന്ത്യയെ നയിക്കും!!

   

ഇന്ത്യൻ ടീമിന് ഇനി വരാനിരിക്കുന്നത് മൂന്ന് ഏകദിനങ്ങളടങ്ങിയ സിംബാബ്‌വെ പരമ്പരയാണ്. ഈ മാസം 18 മുതൽ 22 വരെയാണ് സിംബാബ്വെക്കെതിരായ ഇന്ത്യയുടെ പരമ്പര നിശ്ചയിച്ചിരിക്കുന്നത്. നേരത്തെതന്നെ പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ശിഖർ ധവാൻ നായകനാകുന്ന സ്ക്വാഡിൽ കൂടുതലായി യുവതാരങ്ങൾ അണിനിരക്കുന്നു.

   

എന്നാലിപ്പോൾ കെ എൽ രാഹുലിനെ ഇന്ത്യയുടെ സ്‌ക്വാഡിലേക്ക് ചേർത്തിരിക്കുകയാണ് സെലക്ഷൻ കമ്മിറ്റി. ശിഖർ ധവാനു പകരം നായകനായി തന്നെയാവും കെ രാഹുൽ പരമ്പരയിൽ കളിക്കുക. കൂടാതെ ധവാനെ പരമ്പരയിൽ ഉപനായകനായും നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ബിസിസിഐയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. “ബിസിസിഐ മെഡിക്കൽ ടീം കെ എൽ രാഹുലിനെ പരിശോധിച്ചിരുന്നു. അയാൾ മത്സരത്തിൽ പങ്കെടുക്കാൻ പ്രാപ്തനായിട്ടുണ്ട്.

   

അതിനാൽ തന്നെ സിംബാബ്വെയ്ക്കെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ രാഹുൽ കളിക്കും. കൂടാതെ ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി രാഹുലിനെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽതന്നെ ശിഖർ ധവാൻ ഉപനായകനായാവും കളിക്കുക.” ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഐപിഎൽ 2022നു ശേഷം വിവിധ തരം പരിക്കുകൾ ബാധിച്ച രാഹുൽ തുടർച്ചയായി മത്സരങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു.

   

നേരത്തെ ബിസിസിഐ രാഹുലിനെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നായകനായി തീരുമാനിച്ചിരുന്നു. എന്നാൽ പരിക്കുമൂലം രാഹുലിന് വിട്ടുനിൽക്കേണ്ടി വന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും രാഹുൽ കളിച്ചിരുന്നില്ല. ഏഷ്യാകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പര എന്ന നിലയിൽ രാഹുലിന് ടീമിൽ സ്ഥാനമുറപ്പാക്കാനുള്ള അവസരം കൂടിയാണ് സിംബാവെ പര്യടനത്തിലൂടെ കൈവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *