ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിലെ പ്രത്യേകതകളിലൊന്ന് തകർക്കപ്പെടുന്ന റെക്കോർഡുകളാണ്. മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റ് വിജയം നേടിയപ്പോൾ തകർക്കപ്പെട്ട കുറച്ചധികം റെക്കോർഡുകളുണ്ട്. അത് നമുക്ക് പരിശോധിക്കാം
1.പാകിസ്ഥാനെതിരെ ഇന്ത്യക്കാരന്റെ മികച്ച ബോളിങ് പ്രകടനം – ഭുവനേശ്വർ കുമാർ
ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഭുവനേശ്വർ കുമാറായിരുന്നു മത്സരത്തിൽ ഇന്ത്യൻ ബോളിഗിന്റെ തേര് തെളിച്ചത്. മത്സരത്തിൽ മികച്ച ലൈനിലും ലെങ്ത്തിലും തന്നെയാണ് ഭൂവി ബോൾ ചെയ്തതും. കേവലം 26 റൺസ് മാത്രം വിട്ടുനൽകി നാലു വിക്കറ്റുകൾ ഭൂവി മത്സരത്തിൽ വീഴ്ത്തുകയുണ്ടായി. ഇതൊരു ഇന്ത്യൻ ബോളറുടെ പാകിസ്താനെതിരായ ഏറ്റവും മികച്ച ബോളിങ് ഫിഗറാണ്. മത്സരത്തിൽ പാക് ക്യാപ്റ്റൻ ബാബർ ആസാമിന്റെതടക്കം നാലു വിക്കറ്റുകളായിരുന്നു ഭൂവി നേടിയത്.
2.ഏറ്റവും വേഗത്തിൽ 30 ട്വന്റി20കൾ ജയിച്ച ക്യാപ്റ്റൻ-ഹിറ്റ്മാൻ
മത്സരത്തിൽ ഇന്ത്യ ജയിച്ചതോടെ രോഹിത് ശർമയ്ക്കാണ് മറ്റൊരു റെക്കോർഡ് ലഭിച്ചത്. ഏറ്റവും വേഗത്തിൽ 30 ട്വന്റി20കൾ ജയിച്ച ക്യാപ്റ്റനെന്ന റെക്കോർഡാണ് ഹിറ്റ്മാന് വന്നുചേർന്നത്. കേവലം 36 മത്സരങ്ങൾ മാത്രം ഇന്ത്യയെ നയിച്ച രോഹിത്തിന്റെ 30ആം വിജയമാണിത്. നേരത്തെ അഫ്ഗാൻ മുൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ, നായകനായ 39 മത്സരങ്ങളിൽ 30 എണ്ണത്തിലും ടീമിനെ വിജയിപ്പിച്ചിരുന്നു.
3. ഇന്ത്യൻ പേസർമാർ 10 വിക്കറ്റുകളും നേടിയ ആദ്യ ട്വന്റി20
പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരുവിക്കറ്റ് പോലും പിഴുതെറിയാൻ സാധിക്കാതെ വന്ന ബോളിംഗ് നിരയായിരുന്നു ഇന്ത്യയുടേത്. എന്നാൽ ഇത്തവണ പാകിസ്ഥാന്റെ 10 വിക്കട്ടുകളും എറിഞ്ഞിട്ടത് ഇന്ത്യൻ പേസർമാരാണ്. ആദ്യമായാണ് ഇന്ത്യൻ പേസർമാർ ട്വന്റി20യിൽ എതിർടീമിന്റെ 10 വിക്കറ്റുകളും വീഴ്ത്തുന്നത്.