ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നു ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്ക് ഇന്നു തുടക്കം. ഇന്നു വൈകിട്ട് 7 30ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്താണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഏഷ്യാകപ്പിൽ ശ്രീലങ്കയോടും പാകിസ്ഥാനോടും സൂപ്പർ 4ൽ തോൽവിയറിഞ്ഞ ഇന്ത്യയ്ക്ക് ലോകകപ്പിന് മുമ്പ് തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള അവസരം കൂടിയാണ് പരമ്പര. പരിക്കുമൂലം ഏഷ്യാകപ്പിൽ നിന്ന് മാറി നിന്ന ജസ്‌പ്രിറ്റ് ബുമ്രയും ഹർഷൽ പട്ടേലും തിരിച്ചുവരുന്നുണ്ട് പരമ്പരയിൽ.
എന്നിരുന്നാലും കോവിഡ് ബാധിതനായി മത്സരത്തിൽ നിന്നും മാറിനിൽക്കുന്ന മുഹമ്മദ് ഷാമിയുടെ അഭാവം ഇന്ത്യയെ അലട്ടുന്നുണ്ട്. ഉമേഷ് യാദവാവും മുഹമ്മദ് ഷാമിയ്ക്ക് പകരക്കാരനായി ഇന്ത്യൻ നിരയിൽ കളിക്കുക. ഇന്ത്യയുടെ ലോകകപ്പിൽ കളിക്കുന്ന മിക്കവാറും കളിക്കാരെയും ഈ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുൽ, രോഹിത്, കോഹ്ലി, സൂര്യകുമാർ തുടങ്ങിയ മുൻനിര ബാറ്റർമാരെയും ബുമ്ര, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ തുടങ്ങിയ ബോളർമാരെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത് തങ്ങളുടെ നാട്ടിൽ വച്ച് ന്യൂസിലാൻഡിനെ 3-0ന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ മത്സരത്തിനിറങ്ങുക. ആരോൺ ഫിഞ്ച്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ എന്നിവരടങ്ങുന്ന വമ്പൻ ബാറ്റിംഗ് നിരയാണ് ഓസീസിന്റെ ശക്തി. ഇവർക്കൊപ്പം വെടിക്കെട്ട് ബാറ്റർ ടിം ഡേവിഡ് കൂടിച്ചേരുമ്പോൾ ഓസ്ട്രേലിയ ശക്തമായ ടീമായി മാറുന്നു.
ട്വന്റി 20 ക്രിക്കറ്റിൽ ഇതുവരെ 24 തവണയാണ് ഇന്ത്യ ഓസ്ട്രേലിയയെ നേരിട്ടിട്ടുള്ളത്. ഇതിൽ 9 മത്സരങ്ങളിൽ ഓസ്ട്രേലിയയും 13 മത്സരങ്ങളിൽ ഇന്ത്യയും വിജയിച്ചിട്ടുണ്ട്. 2020ലായിരുന്നു അവസാനമായി ഇരുടീമുകളും മൂന്ന് മത്സര പരമ്പരയിൽ കളിച്ചത്. അന്ന് ഇന്ത്യ 2-1ന് ഓസീസിനെ പരാജയപ്പെടുത്തി. എന്തായാലും രണ്ടു പവർഹൗസ് ടീമുകൾ അണിനിരക്കുമ്പോൾ മത്സരത്തിൽ തീപാറുമെന്ന് ഉറപ്പാണ്. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഡിസ്നി+ഹോട്ട്സ്റ്റാറിലും മത്സരം ലൈവായിതന്നെ ആസ്വദിക്കാവുന്നതാണ്.