സിക്സ് ഹിറ്റിങ്ങിൽ വീണ്ടും റെക്കോർഡിട്ട് സാക്ഷാൽ ഹിറ്റ്മാൻ. ഇന്ത്യക്കായി ട്വന്റി20 ലോകകപ്പിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന ബാറ്റർ എന്ന റെക്കോർഡാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. നെതർലൻസിനെതിരായ മത്സരത്തിലാണ് രോഹിത് ഈ റെക്കോർഡ് ഇട്ടത്. നേരത്തെ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ യുവരാജിന്റെ പേരിലായിരുന്നു ട്വന്റി20 ലോകകപ്പിലെ ഏറ്റവും കൂടുതൽ സിക്സർ നേടിയ ഇന്ത്യക്കാരൻ എന്ന റെക്കോർഡ്. 33 സിക്സറുകളാണ് യുവി തന്നെ ട്വന്റി20 ലോകകപ്പ് കരിയറിൽ നേടിയത്. നെതർലാൻസിനെതിരെ 3 സിക്സറുകൾ നേടിയ രോഹിത് ഈ റെക്കോർഡ് മറികടന്നു. 34 സിക്സറുകളാണ് രോഹിത് തന്റെ ട്വന്റി20 ലോകകപ്പ് കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്.
നെതർലാൻസിനെതിരായ മത്സരത്തിൽ കണ്ടത് രോഹിത്തിന്റെ ഒരു തട്ടുപൊളിപ്പൻ ഇന്നിങ്സ് തന്നെയായിരുന്നു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ടതിനുശേഷം രോഹിത്തിന്റെ ഒരു തിരിച്ചുവരമാണ് കണ്ടത്. മത്സരത്തിന്റെ ആദ്യഭാഗത്ത് പിച്ചിന്റെ സ്ലോനസ്സിൽ രോഹിത് അല്പം പതിയെയാണ് ബാറ്റിംഗ് ആരംഭിച്ചിരുന്നത്. എന്നാൽ ശേഷം രോഹിത് തന്റെ ഫോമിലേക്ക് തിരികെയെത്തി.
മത്സരത്തിൽ 39 പന്തുകളിൽ നിന്ന് 53 റൺസായിരുന്നു രോഹിത് ശർമ നേടിയത്. രോഹിത്തിന്റെ ഇന്നിങ്സ് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു പ്ലാറ്റ്ഫോം തന്നെ നൽകുകയുണ്ടായി. ശേഷം വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ഇന്ത്യയ്ക്ക് ലഭിച്ച തുടക്കം നന്നായി മുതലാക്കുകയും ചെയ്തു. അതോടെ ഇന്ത്യൻ സ്കോർ മത്സരത്തിൽ ഉയരുകയായിരുന്നു.
മത്സരത്തിൽ 56 റൺസിനാണ് ഇന്ത്യ വിജയം കണ്ടത്. ഇന്ത്യയുടെ അടുത്ത മത്സരം ദക്ഷിണാഫ്രിക്കെതിരെയാണ് നടക്കുന്നത്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വമ്പൻ വിജയം നേടി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ദക്ഷിണാഫ്രിക്കൻ ടീം. ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയെ ചെറിയ മാർജിനിലെങ്കിലും പരാജയപ്പെടുത്തി ലോകകപ്പിന്റെ സെമിഫൈനലിൽ എത്താനാവും ശ്രമിക്കുക.