ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20യിൽ 16 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ബാറ്റിംഗ് മുൻനിരയും ബോളർമാരും തകർന്നടിഞ്ഞ മത്സരത്തിൽ ശ്രീലങ്ക പൂർണമായും ആധിപത്യം നേടിയെടുക്കുകയായിരുന്നു. പരാജയത്തിന് പ്രധാന കാരണമായി മാറിയത് ഇന്ത്യൻ ബോളർമാരുടെ അച്ചടക്കമില്ലാത്ത ബോളിംഗ് തന്നെയായിരുന്നു. മത്സരത്തിൽ അഞ്ച് നോബോളുകളായിരുന്നു അർഷദീപ് സിംഗ് എറിഞ്ഞത്. ഇത്തരം അനാവശ്യ റൺസ് വഴങ്ങിയത് ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
അവസാന 3 ഓവറുകളിൽ ഒരുപാട് റൺസ് വഴങ്ങിയതും ഇന്ത്യക്ക് വിനയായെന്ന് കരീം പറയുന്നു. “ഇന്ത്യയ്ക്ക് മത്സരത്തിൽ ഒരുപാട് പോസിറ്റീവുകൾ ഉണ്ടായിരുന്നു. അഞ്ചു വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായതിനു ശേഷം ഇന്ത്യ തിരിച്ചുവരവ് നടത്തി. അവർ ഒരുപാട് പഠിച്ചു. എന്നാലും ബോളിംഗ് മെച്ചപ്പെടുത്തിയെ പറ്റൂ. അവസാന മൂന്ന് ഓവറുകളിൽ ധാരാളം റൺസ് നമ്മൾ വിട്ടുനൽകുകയുണ്ടായി. ഒരുപാട് നോബോളുകൾ എറിഞ്ഞതായിരുന്നു നമ്മൾ ചെയ്ത ഏറ്റവും വലിയ തെറ്റ്.”- കരീം പറയുന്നു.
“ട്വന്റി 20 നമ്മൾ നോബോളെറിഞ്ഞാൽ അതിലും വലിയ മറ്റൊരു തെറ്റില്ല. ഇന്ത്യ ഒന്നോ രണ്ടോ അല്ല, ഒരുപാട് നോബോളുകൾ എറിയുകയുണ്ടായി. ഇതുകൊണ്ടുതന്നെ അധികമായി പന്തുകൾ എറിയേണ്ടി വന്നു. ഒപ്പം ഫ്രീ ഹിറ്റും. എനിക്ക് തോന്നുന്നത് ഇന്ത്യ 20-25 അധികമായി വിട്ടു നൽകിയെന്നാണ്.”- കരീം കൂട്ടിച്ചേർക്കുന്നു.
“ട്വന്റി20 ക്രിക്കറ്റിൽ നോബോളുകൾ എറിയുന്നത് യാതൊരു കാരണവശാലും നമുക്ക് അംഗീകരിക്കാൻ സാധിക്കില്ല. അത് അച്ചടക്കമില്ലായ്മയാണ്. അർഷാദീപ് സാധാരണയായി നോബോളുകൾ എറിയാറില്ല. അയാൾ വലിയൊരു ഇടവേളയ്ക്കുശേഷമാണ് ടീമിലേക്ക് തിരികെയെത്തുന്നത്. അയാൾ മോശമായിയാണ് കളിച്ചതും.”- കരീം പറഞ്ഞുവെക്കുന്നു.