നിലവിൽ ഇന്ത്യൻ ടീമിന്റെ ഭാവി പ്രതീക്ഷയാണ് സ്പീഡ് സ്റ്റാർ ഉമ്രാൻ മാലിക്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച ഉമ്രാൻ ഇന്ത്യക്കായി വരുന്ന പരമ്പരകളിൽ മികച്ച പ്രകടനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വന്റി20 സ്ക്വാഡിലെ അംഗമായ ഉമ്രാൻ മാലികിനെ പറ്റി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ സംസാരിക്കുകയുണ്ടായി.
ഉമറാൻ മാലിക്ക് ഭാവിയിൽ ഇന്ത്യയ്ക്ക് ഒരു മുതൽക്കൂട്ടാവും എന്നാണ് വില്യംസൺ പറയുന്നത്. ” ഉമ്രാൻ അത്യുഗ്രൻ കഴിവുള്ള ക്രിക്കറ്ററാണ്. കഴിഞ്ഞവർഷം ഐപിഎല്ലിൽ ഞാൻ ഉമ്രാനോടൊപ്പം സമയം ചെലവഴിച്ചിരുന്നു. ടീമുകളെ സംബന്ധിച്ച് അയാളുടെ വേഗതയുള്ള ബോളുകൾ മുതൽക്കൂട്ടാണ്. അതിനാൽതന്നെ ഉമ്രനെ അന്താരാഷ്ട്ര മത്സരങ്ങളിൽ കാണുമ്പോൾ വളരെ സന്തോഷമുണ്ട്. 150ന് മുകളിൽ ബോളെറിയാൻ സാധിക്കുന്ന ഒരാൾ ടീമിലുള്ളത് ആവേശം തന്നെയാണ്. “- വില്യംസൺ പറയുന്നു.
“സ്ക്വാഡിൽ ഉമ്രാൻ ഉള്ളപ്പോൾ പ്രതീക്ഷകൾ ഒരുപാട് വലുതാണ്. ഇന്ത്യൻ ക്രിക്കറ്റിൽ കുറച്ചധികം കാലത്തേക്ക് ഉമ്രാൻ ഉണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. കൂടാതെ ഇത്തരം ടൂറുകളിൽ തുടർച്ചയായി പങ്കെടുക്കാൻ സാധിക്കുന്നത് ഉമ്രാന്റെ ഭാവിയ്ക്ക് വളരെയേറെ ഗുണം ചെയ്യും.”- കെയിൻ വില്യംസൺ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യക്കെതിരെ 3 ട്വന്റി ട്വന്റികളും 3 ഏകദിനങ്ങളുമാണ് ന്യൂസിലാൻഡ് കളിക്കുന്നത്. നവംബർ 18നാണ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച ഇന്ത്യൻ ടീമിനെ പാണ്ട്യയാണ് നയിക്കുന്നത്. ഒരുപാട് യുവതാരങ്ങൾ ഇന്ത്യക്കായി ഇരുപരമ്പരകളിലും അണിനിരക്കും.