ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ട്വന്റി20 ലോകകപ്പിലെ ഏറ്റവും വലിയ പ്രതീക്ഷ തന്നെയാണ് ബാറ്റർ വിരാട് കോഹ്ലി. കഴിഞ്ഞ മത്സരങ്ങളിലോക്കെയും കോഹ്ലി കാഴ്ചവെച്ച മിന്നും ഫോം തന്നെയാണ് ഈ പ്രതീക്ഷകൾക്ക് കാരണം. മുൻപും ഇത്തരം വലിയ ടൂർണമെന്റുകളിൽ ഇന്ത്യയെ കൈപിടിച്ചു കയറ്റിയ പാരമ്പര്യം കോഹ്ലിയ്ക്കുണ്ട്. അതിനാൽതന്നെ കോഹ്ലിയുടെ അനുഭവസമ്പത്ത് 2022 ലോകകപ്പിൽ ഇന്ത്യക്ക് ഗുണം ചെയ്യും എന്നാണ് ഇന്ത്യൻ ബാറ്റർ റിഷഭ് പന്ത് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
വിരാട് കോഹ്ലിയോടൊപ്പം ബാറ്റ് ചെയ്യുമ്പോഴുള്ള തന്റെ അനുഭവമാണ് റിഷഭ് പന്ത് പറയുന്നത്. “വ്യത്യസ്തമായ സാഹചര്യങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് കോഹ്ലി നമ്മളെ പഠിപ്പിക്കും. അത് യുവതാരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ക്രിക്കറ്റ് കരിയറിൽ വളരെ പ്രാധാന്യമേറിയതുമാണ്. ഈ കാരണം കൊണ്ട് തന്നെ കോഹ്ലിയോടൊപ്പം ബാറ്റ് ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.”- പന്ത് പറയുന്നു.
“ഒരുപാട് അനുഭവസമ്പത്തുള്ള ബാറ്റർമാർക്കൊപ്പം ക്രീസിൽ സമയം ചിലവഴിക്കുന്നത് നല്ല കാര്യമാണ്. കാരണം ചില സമയങ്ങളിൽ സമ്മർദ്ദത്തിന് നടുവിൽ നിന്ന് എങ്ങനെ മത്സരം നിയന്ത്രണത്തിലാക്കാം എന്ന് അവർക്ക് പറഞ്ഞുതരാൻ സാധിക്കും.”- പന്ത് കൂട്ടിച്ചേർക്കുന്നു. 2021 ട്വന്റി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ പന്തും വിരാട് കോഹ്ലിയുമായിരുന്നു ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. ഇരുവരും ചേർന്ന് നേടിയ 53 റൺസിന്റെ കൂട്ടുകെട്ടായിരുന്നു മത്സരത്തിൽ ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഈഇന്നിങ്സിന്റെ കൂടെ അടിസ്ഥാനത്തിലാണ് പന്ത് വിരാട് കോഹ്ലിയെകുറിച്ച് സംസാരിക്കുന്നത്.
പാക്കിസ്ഥാനെതിരായ മത്സരം തന്നെ സംബന്ധിച്ച് വളരെയധികം പ്രത്യേകതകൾ ഉള്ളതാണെന്നും പന്ത് പറയുന്നു. മറ്റൊരു മത്സരത്തിനു നൽകാനാവാത്ത പ്രതിതിയാണ് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ ലഭിക്കുന്നതെന്നും പന്ത് പറഞ്ഞു. ഒക്ടോബർ 23നാണ് 2022 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരം നടക്കുക