രോഹിത്തിനൊപ്പം ഇനി ഓപ്പൺ ചെയ്യുന്നത് ഇവനായിരിക്കും!! ധവാനോ ഗില്ലോ അല്ല – മുൻ ഇന്ത്യൻ താരം

   

സമീപകാലത്ത് ഏറ്റവുമധികം ചർച്ചാവിഷയമായ ഒന്നാണ് ഇന്ത്യയുടെ ഏകദിന ടീമിലെ ബാറ്റിംഗ് ഓർഡർ. പലപ്പോഴും ഓപ്പണറായി ഇന്ത്യ കെ എൽ രാഹുലിനെയും ശിഖർ ധവാനെയും ഇറക്കിയിരുന്നെങ്കിലും അവർ തുടർച്ചയായി പരാജയപ്പെടുന്നത് തന്നെയാണ് കാണാൻ സാധിച്ചത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലും ഇത് കാണാൻ സാധിച്ചു. തൽഫലമായി ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശിഖർ ധവാനെ ഇന്ത്യ ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വരുന്ന ഏകദിനങ്ങളിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ആര് ഓപ്പൺ ചെയ്യും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഇതിന് ഉത്തരം നൽകി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ.

   

രോഹിത് ശർമയ്ക്കൊപ്പം, വരുന്ന ഏകദിനങ്ങളിൽ ഇഷാൻ കിഷനാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക എന്നാണ് ബംഗാർ പറയുന്നത്. “ശിഖർ ധവാന്റെ അഭാവത്തിൽ രോഹിതിനോപ്പം ആരാവും ഓപ്പൺ ചെയ്യുക എന്നത് ഒരു ചോദ്യമല്ല. കാരണം അത് ഇഷാൻ കിഷൻ തന്നെയായിരിക്കും. ബംഗ്ലാദേശ് പരമ്പരയിൽ അയാൾ പുറത്തെടുത്ത ഫോമാണ് അതിനു മാനദണ്ഡം.”- ബംഗാർ പറയുന്നു.

   

“അതുമാത്രമല്ല ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ വളരെ മികച്ച രീതിയിലായിരുന്നു കിഷൻ കളിച്ചത്. ദക്ഷിണാഫ്രിക്കൻ പേസർമാരെ കിഷൻ നന്നായി നേരിട്ടു. അയാൾ നന്നായിരുന്നു. മാത്രമല്ല ഇനി കുറച്ചധികം കാലത്തേക്ക് രോഹിത്തിനൊപ്പം മുൻനിരയിൽ ബാറ്റ് ചെയ്യുന്നതും കിഷൻ ആയിരിക്കും.”- ബംഗാർ കൂട്ടിച്ചേർക്കുന്നു

   

ഇതോടൊപ്പം വരുന്ന മത്സരങ്ങളിൽ കെ എൽ രാഹുൽ ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ സാധ്യതയില്ലെന്ന് ബംഗാർ പറയുന്നു. ഉപനായകൻ എന്ന നിലയിൽ ഹർദിക്ക് പാണ്ട്യയുടെ കടന്നുവരവും രാഹുലിന്റെ ഏകദിനത്തിലെ സ്ഥാനത്തിന് തിരിച്ചടിയായതായി ബംഗാർ പറഞ്ഞുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *