2021ലെ ട്വന്റി20 ലോകകപ്പിന് മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആ വർഷം കളിച്ചത് 8 ട്വന്റി20 മത്സരങ്ങൾ മാത്രമായിരുന്നു. എന്നാൽ 2022 ലോകകപ്പിലേക്ക് വരുമ്പോൾ ഇന്ത്യ ഈ വർഷം കളിച്ചത് 32 ട്വന്റി20 മത്സരങ്ങളാണ്. ഇത് സൂചിപ്പിക്കുന്നത് 2022 ട്വന്റി20 ലോകകപ്പിനായി ഇന്ത്യ എത്രമാത്രം തയ്യാറെടുപ്പുകൾ നടത്തി എന്നതാണ്. ഓരോ മത്സരങ്ങളിലും ഓരോ മാച്ച് വിന്നർമാരാണ് ഇന്ത്യക്ക് ഉണ്ടായിട്ടുള്ളത്. എന്നാൽ ട്വന്റി20 ലോകകപ്പ്, സ്വന്തം പ്രകടനത്തിലൂടെ മാത്രമായി നേടിയെടുക്കാൻ സാധിക്കുന്ന ഒരു ഇന്ത്യൻ ക്രിക്കറ്ററെകുറിച്ചാണ് ഓസ്ട്രേലിയയുടെ മുൻ താരം ഷെയ്ൻ വാട്സൺ ഇപ്പോൾ പറയുന്നത്.
ഹർദിക് പാണ്ട്യയെ കുറിച്ചാണ് ഷെയ്ൻ വാട്സൺ വാചാലനാകുന്നത്. പാണ്ടിയുടെ വ്യത്യസ്തമായ കഴിവുകളും മറ്റുമാണ് വാട്സണെ അതിശയിപ്പിക്കുന്നത്. “ഹർദിക്ക് വളരെയധികം കഴിവുകളുള്ള ഒരു ക്രിക്കറ്ററാണ്. ബോൾ ചെയ്യുമ്പോൾ 140 സ്പീഡ് വരെ അയാൾക്ക് ലഭിക്കുന്നുണ്ട്. കൃത്യമായി വിക്കറ്റുകൾ നേടാനുള്ള കഴിവും ഹാർദിക്കിനുണ്ട്. ഒപ്പം റൺസ് വിട്ടുകൊടുക്കാതിരിക്കുന്നതിലും ഹർദിക് പലപ്പോഴും മിടുക്കനാണ്.”- ഷെയിൻ വാട്സൺ പറയുന്നു.
കഴിഞ്ഞ മത്സരങ്ങളിലെ ഹർദിക് പാണ്ട്യയുടെ ബാറ്റിംഗ് കഴിവിനെ കുറിച്ചും വാട്സൺ സംസാരിക്കുകയുണ്ടായി. “അയാളുടെ ബാറ്റിംഗ് മികവാർന്നതായി തന്നെ തുടരുകയാണ്. ഹർദിക് ഒരു ഫിനിഷർ മാത്രമല്ല, ഒരു പവർ ഹിറ്റർ കൂടെയാണ്. അയാൾക്ക് എല്ലാത്തരം കഴിവുമുണ്ട്. കഴിഞ്ഞ ഐപിഎല്ലിൽ നമ്മൾ അത് കണ്ടതാണ്. അയാൾക്ക് ട്വന്റി20 ലോകകപ്പ് സ്വന്തമായി വിജയിക്കാൻ സാധിക്കും. സത്യത്തിൽ ഹർദിക്ക് ഒരു മാച്ച് വിന്നർ തന്നെയാണ്.”- വാട്സൺ കൂട്ടിച്ചേർക്കുന്നു.
ഈ വർഷം 18 ട്വന്റി20 ഇന്നിങ്സുകളാണ് ഹർദിക് പാണ്ട്യ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 436 റൺസും 12 വിക്കറ്റുകളും പാണ്ട്യ നേടിയിട്ടുണ്ട്. 151.28 ആണ് ഹർദിക്കിന്റെ ട്വന്റി20യിലെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ്. എന്തായാലും ഈ ലോകകപ്പിൽ ഹർദിക്ക് ഇന്ത്യയുടെ പ്രധാന കളിക്കാരനാകും എന്ന് തന്നെയാണ് പ്രതീക്ഷ.