ഇന്ത്യ കഴിഞ്ഞകാലങ്ങളിൽ നേരിട്ട ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് 150നു മുകളിൽ വേഗതയിൽ പന്തെറിയുന്ന ബോളറില്ല എന്നതായിരുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടുകൊണ്ടാണ് ഉമ്രാൻ മാലിക് എന്ന യുവ ക്രിക്കറ്റർ എത്തിയത്. 2022 ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ നടക്കുന്ന ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ പരമ്പരയിൽ ഉമ്രാൻ മാലിക്ക് നിറസാന്നിധ്യമാണ്. ന്യൂസിലാൻഡ് സാഹചര്യങ്ങളിൽ ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വളരെയേറെ ഗുണകരമാകും എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ സഹീർഖാനും രവിശാസത്രിയും പറയുന്നത്.
“നിലവിൽ ടീമുകൾ വ്യത്യസ്ത തരത്തിലുള്ള ബോളിംഗ് അറ്റാക്കാണ് നിർമ്മിക്കുന്നത്. ടീമുകളിൽ ഒരു ഇടംകയ്യൻ പേസർ, ബോൾ സിംഗ് ചെയ്യാൻ സാധിക്കുന്ന ഒരാൾ, പിന്നെ ഒരു അതിവേഗ ഫാസ്റ്റ് ബോളർ എന്നിങ്ങനെയാണ് ആവശ്യം. ഇത്രയും കാര്യങ്ങൾ ഒരു ബോളർക്ക് സാധിക്കുമെങ്കിൽ ഉത്തമം. അല്ലാത്തപക്ഷം നമ്മൾ കണ്ടീഷൻസ് ഉപയോഗിക്കണം. ഉമ്രാൻ മാലിക് എന്നെ സംബന്ധിച്ച് ഇതിനുപ്പറ്റിയ ബോളറാണ്. അയാൾ ഇന്ത്യൻ ടീമിൽ ലഭിച്ച അവസരം നന്നായി ഉപയോഗിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- സഹീർഖാൻ പറയുന്നു.
ഉമ്രാൻ മാലിക്കിന്റെ വേഗത ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നായിരുന്നു രവിശാസ്ത്രി പറഞ്ഞത്. “ഇന്ത്യയിലെ തന്നെ ഏറ്റവും വേഗതയേറിയ ബോളർമാരിൽ ഒരാളാണ് ഉമ്രാൻ മാലിക്ക്. സ്പീഡ് എന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് നമ്മൾ ലോകകപ്പിൽ കണ്ടതാണ്. ഹാരിസ് റാഫും നസീം ഷായും നോർക്യുയുമൊക്കെ ലോകകപ്പിൽ നിറഞ്ഞാടി. അതിനാൽതന്നെ വേഗത എന്നതിന് പകരം മറ്റൊന്നുമില്ല. ഉമ്രാനെ സംബന്ധിച്ച് ഇതൊരു നല്ല അവസരമാണ്. അയാളത് ഉപയോഗിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.”- ശാസ്ത്രി പറഞ്ഞു.
ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമായിരുന്നു ഉമ്രാൻ മാലിക് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 150 നു മുകളിൽ സ്പീഡിൽ ഹൈദരാബാദ് ടീമിനായി ഉമ്രാൻ പന്തറിഞ്ഞിരുന്നു. ന്യൂസിലാൻഡിനെതിരെ മികച്ച പ്രകടനങ്ങൾ ഉമ്രാൻ കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.