ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയെ കൈപിടിച്ചു കയറ്റി ചെതേശ്വർ പൂജാരയും ശ്രേയസ് അയ്യരും. ബാറ്റിംഗിൽ ഒരു സമയത്ത് അനിശ്ചിതാവസ്ഥയിലായ ഇന്ത്യയെ ഇരുവരും ചേർന്ന് ഒരു തകർപ്പൻ പാർട്ണർഷിപ്പിലൂടെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇതോടെ ആദ്യദിനം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ 278ന് 6 എന്ന നിലയിലാണ്. ശ്രേയസ് അയ്യരാണ് ഇന്ത്യക്കായി ക്രീസിൽ ഉള്ളത്.
ഒന്നാം ദിവസം ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ക്യാപ്റ്റൻ രാഹുലും (22) ശുഭമാൻ ഗില്ലും(20) നന്നായി തുടങ്ങിയെങ്കിലും ചെറിയ ഇടവേളയിൽ ഇന്ത്യയുടെ മുൻനിര താഴെപോയി. ഒരു സമയത്ത് ഇന്ത്യ 48ന് 3 എന്ന നിലയിൽ തകർന്നു. എന്നാൽ ശേഷം നാലാം വിക്കറ്റിൽ പൂജാരയും പന്തും ചേർന്ന് ഇന്ത്യയെ കരകയറ്റി. തന്റേതായ രീതിയിൽ അടിച്ചു തകർത്ത പന്ത് മികച്ച ഇന്നിങ്സാണ് കാഴ്ചവെച്ചത്. മത്സരത്തിൽ 46 റൺസാണ് പന്ത് നേടിയത്.
പന്തു പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരും പൂജാരക്കൊപ്പം ഉറച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും മെല്ലെ നീങ്ങി. ഒരുതരത്തിലമുള്ള തിടുക്കം കൂടാതെയാണ് ബംഗ്ലാദേശ് സ്പിന്നർമാരെ ഇരുവരും നേരിട്ടത്. അഞ്ചാം വിക്കറ്റിൽ 149 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. മത്സരത്തിൽ 203 പന്തുകൾ നേരിട്ട പൂജാര 90 റൺസ് ആയിരുന്നു നേടിയത്.
സെഞ്ചുറിക്ക് തൊട്ടരികെ ഷൈജുൾ ഇസ്ലാമിന്റെ പന്തിൽ പൂജാര പുറത്താകുകയായിരുന്നു. ശേഷമെത്തിയ അക്ഷർ പട്ടേലും ഒന്നാം ദിവസത്തെ അവസാന പന്തിൽ പുറത്തായി. ഇന്ത്യക്കായി 169 പന്തുകളിൽ 82 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഇപ്പോൾ ക്രീസിലുള്ളത്. അശ്വിൻ ഇറങ്ങാനുള്ള സാഹചര്യത്തിൽ 400ന് മുകളിൽ ഒരു സ്കോർ തന്നെയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.