ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പര നാളെ ആരംഭിക്കുകയാണ്. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ ഇന്ത്യക്കായി ഒരുപാട് യുവതാരങ്ങൾ അണിനിരക്കും. ട്വന്റി20 ക്രിക്കറ്റിൽ പുതിയ സമവാക്യങ്ങൾ കണ്ടെത്താൻ ഇറങ്ങുന്ന ഇന്ത്യയ്ക്ക് മാർഗ്ഗനിർദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പയാണ്. ഇന്ത്യയുടെ ന്യൂസിലാൻഡിതിരായ ട്വന്റി20 പരമ്പരയിൽ ബാറ്റർ റിഷഭ് പന്തിനെ ഇന്ത്യ ഓപ്പണറായി കളിപ്പിക്കണം എന്നാണ് റോബിൻ ഉത്തപ്പ പറയുന്നത്.
മുൻനിരയിലാണ് പന്ത് ഇതുവരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ളതെന്നും, അതിനാൽ പന്തിനെ മുൻനിരയിൽ തന്നെ ഇന്ത്യ കളിപ്പിക്കണമെന്നും ഉത്തപ്പ പറയുന്നു. “ഇന്ത്യയുടെ ന്യൂസിലാൻഡിതിരായ പരമ്പരയിൽ പന്ത് ഇന്ത്യക്കായി ഓപ്പൺ ചെയ്യണം. മുൻനിരയിൽ തന്നെ പന്ത് പരമ്പരയിലുടനീളം കളിക്കണം. പന്തിനെ സംബന്ധിച്ച് ട്വന്റി20 ക്രിക്കറ്റിൽ ആ സ്ഥാനമാണ് ഉത്തമം എന്ന് എനിക്ക് തോന്നുന്നു. അത് പിന്തുടർന്ന് മുന്നോട്ടു പോകുന്നതാവും നല്ലത്.”- ഉത്തപ്പ പറയുന്നു.
“പന്ത് ഒരു മാച്ച് വിന്നറാണ്. മത്സരത്തിന്റെ ഫലത്തെ മാറ്റിമറിക്കാൻ പന്തിന് സാധിക്കും. തന്റെ ബാറ്റിംഗ് കൊണ്ട് ഒറ്റയ്ക്ക് ഇന്ത്യയെ വിജയിപ്പിക്കാൻ പന്തിന് സാധിക്കും. ട്വന്റി20 ക്രിക്കറ്റിൽ അടുത്ത 10 വർഷത്തേക്ക് പന്ത് ഒരു നിർണായക കളിക്കാരൻ തന്നെയാവും എന്നാണ് ഞാൻ കരുതുന്നത്.”- റോബിൻ ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.
മുൻപ് ഇന്ത്യ പന്തിനെ പലതവണ മുൻനിരയിൽ ബാറ്റിംഗിനിറക്കിയിരുന്നു വിൻഡീസിനും ഇംഗ്ലണ്ടിനുമേതിരായ പരമ്പരകളിലായിരുന്നു ഇത്. എന്നാൽ പന്ത് തനിക്ക് ലഭിച്ച അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗിച്ചില്ല. ന്യൂസിലാൻഡിനെതിരെ ഒരു വലിയ തിരിച്ചുവരവിനാണ് പന്ത് ശ്രമിക്കുന്നത്.