എതിർടീമിന്റെ മുകളിൽ അവൻ അഴിഞ്ഞാടി!! പരമ്പരയിലെ ഇന്ത്യയുടെ പോസിറ്റീവുകളെ പറ്റി സഹീർ ഖാൻ!!

   

2022ലെ ഇന്ത്യയുടെ അവസാന ട്വന്റി20 മത്സരമാണ് ന്യൂസിലാൻഡിനെതിരെ നടന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി. ഈ അവസരത്തിൽ പരമ്പരയിലെ ഇന്ത്യയുടെ പോസിറ്റീവുകളെപറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ന്യൂസിലാൻഡിനേതിരായ പരമ്പരയിലെ ഇന്ത്യയുടെ പ്രധാന പോസിറ്റീവ് സൂര്യകുമാർ തന്നെയാണെന്ന് സഹീർ പറയുന്നു.സൂര്യയുടെ ആക്രമണോത്സുക സമീപനം അയാളെ മികച്ച ബാറ്ററായി മാറ്റുന്നതായും സഹീർ പറയുകയുണ്ടായി.

   

“ഒറ്റ പേര്, സൂര്യ. സൂര്യ പരമ്പരയിൽ ബാറ്റ് ചെയ്ത രീതി വളരെ നന്നായിരുന്നു. എതിർ ടീമിന്മേൽ വളരെ ലാഘവത്തോടെ ആക്രമണം അഴിച്ചുവിടാൻ സൂര്യകുമാറിന് സാധിക്കുന്നുണ്ട്. ഈ വർഷം മുഴുവൻ അയാൾ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. ഈ വർഷത്തെ ഇന്ത്യയുടെ അവസാന ട്വന്റി20യാണ് കഴിഞ്ഞത്. ഏകദേശം 1200 റൺസ് സൂര്യകുമാർ ഈ വർഷം നേടിയിട്ടുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 11 അർത്ഥസെഞ്ച്വറികൾ. “- സഹീർ ഖാൻ പറഞ്ഞു.

   

ഇതോടൊപ്പം മൂന്നാം മത്സരത്തിലെ സിറാജിന്റെ ബോളിംഗ് പ്രകടനവും ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവാണെന്ന് സഹീർ പറയുന്നു. “മത്സരത്തിൽ ന്യൂസിലാൻഡ് മികച്ച നിലയിലായിരുന്നു. ശേഷം ഇന്ത്യൻ ബോളർമാർ നടത്തിയ തിരിച്ചുവരവ് അവിശ്വസനീയമാണ്. സിറാജ് നിറഞ്ഞാടി. അതുകൊണ്ട് തന്നെ സിറാജിന്റെ പ്രകടനവും ഈ പരമ്പരയിലെ പോസിറ്റീവാണ്.”- സഹീർ കൂട്ടിച്ചേർക്കുന്നു.

   

ഈ വർഷം ട്വന്റി20യിൽ 31 മത്സരങ്ങളിൽ നിന്ന് 1164 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഇതിൽ 9 അർത്ഥസെഞ്ച്വറികളും രണ്ടു തകർപ്പൻ സെഞ്ച്വറികളും ഉൾപ്പെടുന്നു. 187 ആണ് സൂര്യകുമാറിന്റെ ഈ വർഷത്തെ സ്ട്രൈക്ക് റേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *