ഒരുകാലത്ത് ഇന്ത്യൻ ബോളിംഗ് നിര ഇന്നത്തെതിന്റെ അത്ര ശക്തമായിരുന്നില്ല. മറ്റു ക്രിക്കറ്റ് രാജ്യങ്ങളെ വയ്ച്ചുനോക്കുമ്പോൾ വളരെ ബലഹീനമായ ഒരു പേസ് ബൗളിങ് വിഭാഗമാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. കപിൽദേവ് എന്ന മാന്ത്രികനുശേഷം അതേ നിലവാരമുള്ള ഒരു ബോളറെ കണ്ടെത്താൻ ഇന്ത്യ വിഷമിച്ചു. എന്നാൽ ഇന്ത്യയ്ക്ക് ആശ്വാസം പകർന്ന ഒരു പയ്യൻ 2000ൽ ടീമിലെത്തി. തന്റെ പേസ് ബോളിങ്ങിലെ നിയന്ത്രണം കൊണ്ട് ലോകക്രിക്കറ്റ് കീഴടക്കിയ അയാളായിരുന്നു സഹീർ ഖാൻ.
1978ൽ മഹാരാഷ്ട്രയിലായിരുന്നു ഈ ഇടംകൈയൻ പേസർ ജനിച്ചത്. ചെറുപ്പകാലം മുതൽ സഹീർ ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചു. ഉത്സവ് യാദവിന്റെ പരിശീലനത്തിലായിരുന്നു സഹീർ തന്റെ പാഠങ്ങൾ ഉൾക്കൊണ്ടത്. പിന്നീട് സ്കൂൾ ക്രിക്കറ്റിൽ സജീവമായ സഹീർ ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങി. 1999ൽ ബറോഡയ്ക്ക് വേണ്ടിയായിരുന്നു സഹീർ ആദ്യമായി തന്റെ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്.
2000ലാണ് ഇന്ത്യൻ ടീമിലേക്ക് സഹീർഖാന് വിളിവരുന്നത്. ഇന്ത്യയുടെ കെനിയയ്ക്കെതിരെ ഏകദിനത്തിൽ സഹീർ കളിച്ചു. ഇരുവശങ്ങളിലേക്കും ബോൾ സിങ് ചെയ്യിക്കാനുള്ള കഴിവരായിരുന്നു സഹീർ ഖാന്റെ ശക്തി. ന്യൂബോൾ മാത്രം സിങ് ചെയ്യിക്കുന്ന മറ്റുബോളർമാർക്ക് മുമ്പിൽ സഹീർ ഒരു അത്ഭുതമായി മാറി. 2011ൽ ഇന്ത്യ ലോകകപ്പ് ജേതാക്കളായപ്പോൾ സഹീറായിരുന്നു ഇന്ത്യൻ ബോളിംഗിന്റെ നട്ടെല്ല്. ടൂർണ്ണമെന്റിൽ വെറും ഒൻപത് മത്സരങ്ങളിൽനിന്ന് 21 വിക്കറ്റുകൾ സഹീർ നേടുകയുണ്ടായി.
ആഭ്യന്തരക്രിക്കറ്റിൽ സറി,മുംബൈ, ബാംഗ്ലൂർ, ഡൽഹി ടീമുകൾക്കായി സഹീർഖാൻ കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 92 ടെസ്റ്റ് മത്സരങ്ങളിൽ 311 വിക്കറ്റുകൾ സഹീർ നേടി. ഏകദിനങ്ങളിൽ 200 മത്സരങ്ങളിൽനിന്ന് 282 വിക്കറ്റുകളും സഹീറിന്റെ സംഭാവനയാണ്. എക്കാലത്തും ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർ തന്നെയാണ് സഹീർ എന്നതിൽ സംശയമില്ല.