ബൗൺസറിലേക്കും യോർക്കറിലേക്കും പോകാതെ അവൻ അവന്റെ ശക്തിയിൽ ഉറച്ചുനിന്നു!! സിറാജിനെപറ്റി പാർഥിവ്

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു പേസർ മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. മത്സരത്തിലൂടനീളം മികച്ച ലൈനിലും ലെങ്ങ്തിലുമായിരുന്നു സിറാജ് ബോൾ ചെയ്തത്. മത്സരത്തിൽ നിശ്ചിത നാലോവറുകളിൽ കേവലം 17 മാത്രം വീട്ടുനൽകി നാല് വിക്കറ്റുകൾ സിറാജ് വീഴ്ത്തുകയുണ്ടായി. മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ജിമ്മി നീഷം, സാന്റനർ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് പിഴുതത്. സിറാജിന്റെ ഈ തകർപ്പൻ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത് ഇന്ത്യയുടെ മുൻ താരം പാർഥിവ് പട്ടേലാണ്.

   

സിറാജിന് തന്റെ കഴിവുകളെ പറ്റി പൂർണ ബോധ്യമുണ്ടെന്നാണ് പട്ടേൽ പറയുന്നത്. “സിറാജ് മത്സരത്തിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അയാളുടെ ശക്തി സീമിൽ വിക്കറ്റിൽ എറിയുക എന്നതാണ്. അതുതന്നെയാണ് അയാൾ ചെയ്തതും. സാധാരണയായി അവസാന ഓവറുകളിൽ ബോളർമാർ യോർക്കറുകളിലേക്കും ബൗൺസറുകളിലേക്കും പോകാറുണ്ട്. എന്നാൽ സിറാജ് തന്റെ ലെങ്ത്തിൽ തന്നെ ഉറച്ചുനിന്നു. അതിന്റെ ഫലമാണ് അയാൾക്ക് മത്സരത്തിൽ ലഭിച്ചത്.”- പട്ടേൽ പറഞ്ഞു.

   

“ഈ മത്സരത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് സിറാജിന്റെ ആറ്റിറ്റ്യൂഡ് ആണ്. അയാൾ ബുദ്ധിപരമായും ആക്രമണപരമായും ബോൾ ചെയ്തു. അതാണ് നമ്മൾ പലപ്പോഴും ചെയ്യേണ്ടത്. നമ്മുടെ ശക്തിയിൽ ഉറച്ചു നിൽക്കണം.”- പട്ടേൽ കൂട്ടിച്ചേർത്തു.

   

സിറാജിനൊപ്പം പേസർ അർഷദീപ് സിംഗും മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അർഷദീപ് മത്സരത്തിൽ 37 റൺസ് വിട്ടുനൽകി നാല് വിക്കറ്റുകൾ പിഴുതു. ഇരുവരും ചേർന്ന് 30 റൺസിനാണ് ന്യൂസിലാണ്ടിന്റെ അവസാന 8 വിക്കറ്റുകൾ കൊയ്തത്.

Leave a Reply

Your email address will not be published. Required fields are marked *