ഇന്ത്യയുടെ ശ്രീലങ്കരായ മൂന്നാം ട്വന്റി20 ഇന്ന് രാജ്കോട്ടിലാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ ആവേശകരമായ വിജയം നേടിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ പരാജയമറിഞ്ഞു. അതിനാൽതന്നെ നിർണായകമായ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ മൂന്നാം ട്വന്റി20യിൽ ഇന്ത്യ ടീമിൽ വരുത്താണ് മാറ്റങ്ങളെപ്പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഇന്ത്യ മത്സരത്തിൽ ശുഭമാൻ ഗില്ലിന് പകരം റുതുരാജ് ഗൈക്കുവാഡിനെ ഇറക്കണം എന്നാണ് വസീം ജാഫർ പറയുന്നത്.
“റുതുരാജിനെ മൂന്നാം ട്വന്റി20യ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തണം എന്ന നിലപാടാണ് എനിക്ക്. അയാൾ ഒരു അവസരം അർഹിക്കുന്നു. എന്തെന്നാൽ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ ഋതുരാജ് കഴിഞ്ഞ സമയങ്ങളിൽ ഒരുപാട് റൺസ് നേടിയിട്ടുണ്ട്. മാത്രമല്ല വിജയ് ഹസാരെ ട്രോഫിയിലും ഋതുരാജ് കളം നിറയുകയുണ്ടായി. അതേസമയം ശുഭമാൻ ഗിൽ നിരാശാജനകമായ പ്രകടനവുമാണ് കഴിഞ്ഞ 2 ട്വന്റി20കളിലും കാഴ്ചവച്ചത്.”- ജാഫർ പറയുന്നു.
“അതുകൊണ്ടുതന്നെ ഞാൻ ഋതുരാജിന്റെ ഒപ്പമാണ്. ഇപ്പോൾതന്നെ അയാൾ സൈഡ് ബെഞ്ചിൽ ഒരുപാട് സമയം ചിലവഴിച്ചുകഴിഞ്ഞു. ബോളിങ്ങിൽ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും ഞാൻ കാണുന്നില്ല. അർഷാദീപിനെ ഞാൻ പിന്തുണയ്ക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ അയാൾക്ക് പിന്തുണ നൽകണം. എങ്കിൽ മാത്രമേ ആത്മവിശ്വാസം ഉണ്ടാകൂ.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.
“ഇന്ത്യയുടെ മുൻനിര കുറച്ച് സമയം ക്രീസിൽ ചെലവഴിക്കാൻ തയ്യാറാവണം. ആദ്യ ട്വന്റി20യിൽ ഇന്ത്യക്ക് തുടക്കത്തിലെ 4-5 വിക്കറ്റുകൾ നഷ്ടമായി. ശേഷം അക്ഷറും ഹൂഡയുമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രണ്ടാം ട്വന്റി20യിലും ഇത് സംഭവിച്ചു. അതിനാൽതന്നെ മുൻ നിര നന്നായി കളിക്കേണ്ടത് അത്യാവശ്യമാണ്. വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാൻ അവർ തയ്യാറാവണം.”- ജാഫർ പറഞ്ഞുവെക്കുന്നു.