പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ മൂന്നു സീം ബൗളർമാരും ഒരു സ്പിന്നറുമാണ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നത്. ഇവരെക്കൂടാതെ ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ എന്നീ ഓൾറൗണ്ടർമാരെയും ഇന്ത്യ കളിപ്പിച്ചു. ഇന്ത്യയുടെ ഈ തന്ത്രം പാകിസ്ഥാനെതിരെ അങ്ങേയറ്റം വിജയമായിരുന്നു എന്ന് നിസംശയം പറയാനാവും. മത്സരത്തിൽ ഫാസ്റ്റ് ബൗളർമാർ തങ്ങളുടെ കടമ കൃത്യമായി നിർവഹിച്ചതോടെ കളി ഇന്ത്യയുടെ കയ്യിലെത്തുകയായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ടീമിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചാണ് മുൻ പാക് താരം ഡാനിഷ് കനേറിയ പറയുന്നത്.
ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സീം ബോളർ ആവേഷ് ഖാന് പകരം സ്പിന്നർ രവി ബിഷണോയെ ഉൾപ്പെടുത്തണമെന്നാണ് ഡാനിഷ് കനേറിയയുടെ പക്ഷം. “എനിക്ക് തോന്നുന്നത് രവി ബിഷണോയെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്നാണ്. ഇന്ത്യയെ സംബന്ധിച്ച് അയാളൊരു ട്രംപ് കാർഡാണ്. മാത്രമല്ല യുഎഇയിലെ സാഹചര്യങ്ങൾ അയാൾക്ക് സഹായകമാവുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ച് അവർക്ക് 3 പേസ് ബൗളർമാരുണ്ട്.
ഭുവനേശ്വർ കുമാറും, അർഷദീപ് സിങ്ങും, ഹാർദിക് പാണ്ട്യയും. അതിനാൽ ഒരു സ്പിന്നരറെ കൂടി ടീമിൽ ഉൾപ്പെടുത്തിയാൽ ബോളിംഗ് ശക്തമാകും”- കനേറിയ പറയുന്നു. രവി ബിഷ്ണോയെ കൂടാതെ ദീപക് ഹൂടയെ കളിപ്പിക്കേണ്ട സാഹചര്യത്തെകുറിച്ചും കനേറിയ സംസാരിക്കുന്നുണ്ട്. “ഇന്ത്യ ടൂർണ്ണമെന്റിലുടനീളം പ്ലെയിങ് ഇലവനിൽ മാറ്റം വരുത്താനുള്ള സാധ്യതയില്ല.
എന്നാൽ ദീപക് ഹൂടയെപോലെയുള്ള ഭാവി സൂപ്പർതാരങ്ങളെ അവർക്ക് പരീക്ഷിക്കാവുന്നതാണ്. ഹൂഡ ഒരു മികച്ച കളിക്കാരൻ തന്നെയാണ്.”- കനേറിയ പറയുന്നു. ഇന്നു വൈകിട്ട് 7.30നാണ് ഇന്ത്യയുടെ ഹോങ്കോങ്ങിതിരായ മത്സരം നടക്കുന്നത്. ഏഷ്യാകപ്പിലെ നാലാം മത്സരമാണിത്. ദുബായിയാണ് മത്സരത്തിന് വേദിയാവുക. ഇന്ന് ജയിച്ചാൽ ഇന്ത്യ സൂപ്പർ4ൽ കളിക്കാൻ യോഗ്യത നേടുകയും ചെയ്യും.